ഡെങ്കിപ്പനി നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍

Last Updated : Sep 9, 2016, 07:13 PM IST
ഡെങ്കിപ്പനി നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍

ഈഡിസ് (Aedes)ജനുസിലെ, ഈജിപ്തി (aegypti), അൽബോപിക്ട്‌സ് (albopictus) എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കൂ (Dengue)വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി ( Dengue Fever).ആർത്രോപോടകൾ (കീടങ്ങൾ) പകർത്തുന്ന ആർബോവൈറസ് ഗ്രൂപ്പ് 'ബി'യിൽപ്പെടുന്ന ഫ്ളാവി വൈറസുകളാണ് ഇവ . ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളിൽ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. മുന്നുദിവസം മുതല്‍ 15 ദിവസം വരെയാണ് ഡെങ്കിപ്പനി നീണ്ടുനില്‍ക്കുന്നത്. തലവേദന, പനി, കടുത്ത ക്ഷീണം, സന്ധികളിലും പേശികളിലും വേദന തുടങ്ങിയവയാണ് സാധാരണ ലക്ഷണമായി കാണുന്നത്. ഡെങ്കിപ്പനിയെ കുറിച്ചു നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ താഴെ കാണാം.

*ഡെങ്കി പരത്തുന്ന അണുക്കള്‍

നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതില്‍ ഡെങ്കി 1, ഡെങ്കി 3 അണുക്കള്‍ ഡെങ്കി 2, ഡെങ്കി 4 അണുക്കളെ അപേക്ഷിച്ച് അപകടം കുറഞ്ഞവയാണ്. എന്നാല്‍ അപകടകാരികളായ 2,4 അണുക്കളാണ് ഈ വര്‍ഷം ഏറെയും ജനങ്ങളില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്.

* സാധാരണ ലക്ഷണങ്ങള്‍

ഡെങ്കിയുടെ തുടക്കത്തില്‍ തലവേദനയോടുകൂടിയ ജ്വരം, ശരീരവേദന, മസിലുകളിലും സന്ധികളിലും വേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാവുക. ഡെങ്കിപ്പനി പരത്തുന്ന കൊതുകിന്‍റെ കടിയേറ്റ ശേഷമുള്ള 4 മുതല്‍ 7 വരെ ദിവസങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

എന്നാല്‍ ചിലപ്പോള്‍ ഇത് 14 ദിവസത്തോളമെടുത്തേക്കാം. ഇവ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. 5 മുതല്‍ 7 ദിവസം വരെയാണ് സാധാരണഗതിയില്‍ പനി നീണ്ടുനില്‍ക്കുക.പനിക്കുശേഷം ആഴ്ചകളോളം വിട്ടുമാറാത്ത ക്ഷീണം മുതിര്‍ന്നവരില്‍ പതിവാണ്. സന്ധിവേദന, ശരീരവേദന, തിണര്‍പ്പ് എന്നിവ സ്ത്രീകളില്‍ കണ്ടുവരുന്നു.

* അമിതമാകുമ്പോഴുള്ള രോഗലക്ഷണങ്ങള്‍

ചികിത്സിക്കാതിരുന്നാല്‍ രോഗം കൂടാന്‍ സാധ്യതയുണ്ട്. ഡെങ്കി 4 അണുവാണ് ബാധിച്ചിരിക്കുന്നതെങ്കില്‍ പനിയും, വിറയലും, പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവുമാണ് പ്രധാന ലക്ഷണങ്ങള്‍. ടൈപ്പ് 2വാണ് പിടിപെട്ടിരിക്കുന്നതെങ്കില്‍ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കാര്യമായി കുറയും. രക്തസ്രാവത്തോടുകൂടിയ പനി, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുക, വിറയല്‍ എന്നിവയും സംഭവിക്കാം. ഡൈപ്പ് 2 ആണ് ഏറ്റവും അപകടകാരി.

മിക്കവാറും ഡെങ്കിപ്പനികള്‍ ഗൗരവമുള്ളതല്ല.  രോഗലക്ഷണങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞു ഉചിതമായ ചികിത്സിക തേടുകയാണെങ്കില്‍ ഡെങ്കിപ്പനിമൂലമുള്ള മരണം ഇല്ലാതാക്കാം.

Trending News