പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുള്ള കാലമാണ് വേനല്‍ക്കാലം. അതില്‍ പലര്‍ക്കുമുളള ഒരു പ്രശ്നമാണ് നിർജലീകരണം. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്‍സിലൊന്നാണ് വെളളം. വെളളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
ജലാംശം കൂടിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷണം കിട്ടുകയും ചെയ്യും. കഠിനമായ ചൂടിൽ നിന്നു രക്ഷനേടാൻ പഴച്ചാറുകള്‍ ധാരാളം കഴിക്കാം. ശരീരത്തെ തണുപ്പിക്കാനും ശുചീകരിക്കാനും വിഷാംശങ്ങളെ പുറന്തള്ളാനും പഴച്ചാറുകൾ സഹായിക്കും. വേനല്‍ക്കാലത്ത് കുടിക്കാൻ പറ്റിയ പഴച്ചാറുകള്‍ ഏതെന്നറിയണ്ടേ?
നാരങ്ങാ ജ്യൂസ്
വേനലില്‍ കുടിക്കാന്‍ മികച്ചതാണ് നാരങ്ങാവെളളം. വിറ്റാമിൻ 'സി'യാൽ സമ്പന്നമാണ് നാരങ്ങാജ്യൂസ്. ചർമത്തെ ശുദ്ധിയാക്കാനും പി.എച്ച് ലെവൽ നിയന്ത്രിച്ചുനിർത്താനും ഇത് സഹായിക്കും. യുവത്വം നിലനിർത്താനും ചർമത്തെ മികച്ചതാക്കാനും ഇത് സഹായിക്കുന്നു. ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ചൂട് സമയത്തുണ്ടാകുന്ന ചര്‍മരോഗങ്ങള്‍ ചെറുക്കാന്‍ ഇത് സഹായിക്കും.
മാത്രമല്ല നാരങ്ങാവെള്ളം കുടിക്കുന്നത് തടികുറയ്ക്കുന്നതിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. ഭക്ഷണം കഴിക്കുന്നതിന് പത്തു മിനിറ്റ് മുന്‍പേ നാരങ്ങാവെള്ളം കുടിച്ചാല്‍ ആസിഡിറ്റി ഒഴിവാക്കാം. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും, എല്ലുകളുടെ ബലത്തിനും നാരങ്ങാ വെള്ളം നല്ലതാണ്.
തണ്ണിമത്തൻ ജ്യൂസ്
ശരീരത്തിൽ ജലാംശം വേണ്ടത്ര അളവിൽ നിലനിർത്തൽ നല്ലതാണ് തണ്ണിമത്തന്‍ ജ്യൂസ്. ഈ ചൂടുകാലത്ത് ആണ് തണ്ണിമത്തന്‍ കൂടുതലായും ലഭ്യമാകുന്നത്. തണ്ണിമത്തനില്‍ അമിനോ ആസിഡിന്റെ സാന്നിധ്യം കാരണം ഉയർന്ന കലോറി ഉർജോൽപ്പാദനത്തിനും സഹായിക്കുന്നു. നൂറ് മില്ലി ലിറ്റർ തണ്ണിമത്തൻ ജ്യൂസിൽ ഏകദേശം 100 കലോറി അടങ്ങിയിരിക്കും. മൂത്രാശയ രോഗങ്ങളെയും മുഖക്കുരു പോലുള്ള ചർമ രോഗങ്ങളെയും അകറ്റാന്‍ തണ്ണിമത്തനു കഴിയും. വേനലില്‍ കടുക്കുന്ന മൂത്രാശയക്കല്ലു പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ തണ്ണിമത്തന്‍ ജ്യൂസ് ഉപകരിക്കും.
വിശപ്പിനും ധാഹത്തിനും ഉത്തമമാണ് തണ്ണിമത്തന്‍. ആരോഗ്യഗുണങ്ങളുടെ കലവറയാണ് തണ്ണിമത്തന്‍. ശരീരത്തിനുള്ളിലെ പോഷകങ്ങളുടെ അളവ് വര്‍ധിപ്പിക്കാന്‍ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതുകൊണ്ട് കഴിയും. തക്കാളിയിലുള്ളതിനെക്കാളും രണ്ടിരട്ടി ലികോപൈന്‍ അടങ്ങിയിട്ടുണ്ട് തണ്ണിമത്തനില്‍.
ഓറഞ്ച് ജ്യൂസ്
വൈറ്റമിന്‍ സി അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ പ്രതിരോധശേഷിയുള്ള ഫലമാണ് ഓറഞ്ച്. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഏറെ സഹായകം. ഓറഞ്ച് നാരുകളുടെ സ്രോതസ്സു കൂടിയാണ്. അതിനാൽതന്നെ ഇവ നല്ല ദഹനാരോഗ്യവും തരുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളിലെ പരിവര്‍ത്തനം തടയും. ഇതുവഴി ക്യാന്‍സര്‍ വരാതിരിയ്ക്കാന്‍ സഹായിക്കും.
പതഞ്ഞുപൊങ്ങുന്ന കൃത്രിമ പാനീയങ്ങളുടെ സ്ഥാനത്ത് എന്തുകൊണ്ടും പകരംവെക്കാവുന്ന കുറഞ്ഞ കലോറിയുള്ള ജ്യൂസാണ് ഓറഞ്ചിന്റേത്. നെഗറ്റീവ് കലോറി ജ്യൂസ് ആയാണ് ഓറഞ്ച് ജ്യൂസ് പരിഗണിക്കപ്പെടുന്നത്. ഓറഞ്ചിലെ സിട്രേറ്റും സിട്രിക് ആസിഡും വൃക്കയിൽ ഉണ്ടാകുന്ന ചില കല്ലുകളുടെ രൂപീകരണത്തെ തടയാൻ സഹായിക്കുന്നവയാണ്. ഓറഞ്ച് ജ്യൂസ് ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കും. ഇതുവഴി കിഡ്‌നി, ലിവര്‍ എന്നിവയുടെ ആരോഗ്യത്തിന് നല്ലതാണ്.
ഓറഞ്ച് ജ്യൂസിലെ വൈറ്റമിന്‍ എ നിശാന്ധത പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. ഇതിലെ ഫോളേറ്റ് പുതിയ രക്താണുക്കളുടെ ഉല്‍പാദനത്തിന് സഹായിക്കും. ഇത് അപചയപ്രക്രിയയും ആരോഗ്യവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും. ബിപി, കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഓറഞ്ച് ജ്യൂസ് നല്ലതാണ്.
മാമ്പഴ ജ്യൂസ്
പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്‍റെ സമയമാണ് വേനൽക്കാലം. വൈറ്റമിനുകളും മിനറൽസും അയണും ധാരാളമടങ്ങിയ മാമ്പഴച്ചാറ് വേനലിൽ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ദഹനപ്രശ്നങ്ങളെയും കാൻസറിനെയും പ്രതിരോധിക്കാന്‍ ഇതിനുകഴിയും.
മാമ്പഴ ജ്യൂസ് അമിതഭാരം കുറയ്ക്കുന്നതിനു ഫലപ്രദമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ മാമ്പഴ ജ്യൂസിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മാമ്പഴത്തിൽ പൊട്ടാസ്യം ഏറെ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം ഹൃദയാരോഗ്യത്തിനു ഗുണപ്രദമാണ്. ഇത് ഹൃദയപേശികൾ ബലപ്പെടുത്തുന്നതിനു സഹായിക്കുന്നു. രക്‌തസമ്മർദം നിയന്ത്രിക്കുന്നതിനും മാമ്പഴ ജ്യൂസ് ഫലപ്രദമാണ്. നാഡീവ്യവസ്‌ഥയുടെ ആരോഗ്യത്തിനും മാമ്പഴം നല്ലതാണ് മാത്രമല്ല രക്‌തശുദ്ധി വർധിപ്പിക്കുന്നതിനും ശരീരത്തിൽ ജലത്തിന്‍റെ സന്തുലനം നിലനിർത്തുന്നതിനും നല്ലതാണ്.
മാമ്പഴ ജ്യൂസിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഗർഭിണികൾ മാമ്പഴ ജ്യൂസ് കഴിക്കുന്നതു വിളർച്ച അകറ്റുന്നതിനു സഹായകമാണ്. മാമ്പഴത്തിൽ ബീറ്റാ കരോട്ടിൻ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. മാമ്പഴത്തിൽ നാരുകൾ ധാരാളം. ദഹനവ്യവസ്‌ഥയുടെ ആരോഗ്യത്തിന് മാമ്പഴ ജ്യൂസ് ഗുണപ്രദമാണ്.
പപ്പായ ജ്യൂസ്
മികച്ചൊരു ഔഷധമായ പപ്പായ ജ്യൂസ് വേനലിൽ ധാരാളമായി കുടിക്കാം. നമ്മുടെ നാട്ടിന്‍ പുറങ്ങളിലും നഗരങ്ങളിലും യാതൊരു വ്യത്യാസവുമില്ലാതെ കണ്ടു വരുന്ന ഫലമാണ് പപ്പായ. സൗന്ദര്യ കാര്യത്തില്‍ മാത്രമല്ല ആരോഗ്യത്തിന്‍റെ കാര്യത്തിലും പപ്പായ തന്നെയാണ് മുന്നില്‍ എന്നു പറയുന്നതില്‍ യാതൊരു തെറ്റുമില്ല.
വൈറ്റമിനുകളായ സി, എ, ബി എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ 91–92% വരെ ജലാംശമുണ്ട്. വയറിനുണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും പപ്പായ സഹായിക്കും. ചർമത്തിലെ മൃതകോശങ്ങളകറ്റാനും ചർമം കൂടുതൽ സുന്ദരമാകാനും ഇത് സഹായിക്കും. രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കുന്ന കാര്യത്തിലും പപ്പായ ജ്യൂസ് കാര്യമായ പങ്ക് വഹിക്കുന്നുണ്ട്.
ശ്വാസതടസ്സം പരിഹരിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ മറ്റൊരു ജ്യൂസ് ഇല്ല എന്നു തന്നെ പറയാം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പപ്പായ ജ്യൂസ് മലബന്ധം ഇല്ലാതാക്കുന്നു. വയറു സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും പ്രതിവിധിയാണ് പപ്പായ ജ്യൂസ്. ശരീരത്തില്‍ അടങ്ങിയിട്ടുള്ള വിഷാംശങ്ങളെ പുറന്തള്ളുന്നതിന് പപ്പായ ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. അള്‍സറിന് ഏറ്റവും നല്ല പ്രതിവിധിയാണ് പപ്പായ ജ്യൂസ്. വയറിലുണ്ടാകുന്ന അള്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍, വിരശല്യം എന്നിവയ്‌ക്കെല്ലാമുള്ള പ്രതിവിധിയാണ് പപ്പായ ജ്യൂസ്.
ആപ്പിൾ ജ്യൂസ്
ആപ്പിൾ ജ്യൂസ് നിങ്ങളെ ആശുപത്രികളിൽ നിന്ന് അകറ്റി നിർത്തുന്നതിനൊപ്പം ചർമം വരണ്ടുണങ്ങുന്നതിനെ തടയുകയും ചെയ്യും. 82-85% വരെ ജലാംശമാണ് ആപ്പിളിൽ കാണപ്പെടുന്നത്. ഏറെ പോഷകസമൃദ്ധമായ ഒന്നാണ് ആപ്പിള്‍.
നിരവധി ആരോഗ്യഗുണങ്ങളുള്ള ആപ്പിളിൽ നാരുകളും വൈറ്റമിൻ സിയും മറ്റ് ആന്റിഓക്സിഡന്റുകളും പ്ലാന്റ് സംയുക്തങ്ങളും ധാരാളമായുണ്ട്. പ്രായം തോന്നിപ്പിക്കുന്നതിനെ തടയുന്ന ആന്‍റി ഒാക്സിഡന്റ് ഘടകങ്ങളാൽ സമ്പന്നമാണ് ആപ്പിൾ ജ്യൂസ്. ചര്‍ദ്ദി, ഡയറിയ തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകുമ്പോഴുള്ള നിര്‍ജ്ജലീകരണം ഇല്ലാതാക്കാനും ആപ്പിള്‍ ജ്യൂസ് നല്ലതാണ്.
മുന്തിരി ജ്യൂസ്
ജലാംശം കൂടുതൽ ഉള്ള ഒരു ഫലം. ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും. അല്‍ഷീമേഴ്‌സ്, യൂറിക് ആസിഡ് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരം കൂടിയാണിത്. മുന്തിരിയില്‍ വൈറ്റമിന്‍, കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പലതരത്തിലും ചര്‍മസൗന്ദര്യത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്.
മുന്തിരി ജ്യൂസ് നല്ലൊരു ക്ലെന്‍സറായി ഉപയോഗിയ്ക്കാം. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ചര്‍മത്തിന് തിളക്കവും മൃദുത്വവുമുണ്ടാകാന്‍ ഇത് സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഈ ഗുണം നല്‍കുന്നത്. ദഹനക്കേട്, മലബന്ധം, ക്ഷീണം, എന്നിവ അകറ്റാനും കാഴ്ചശക്തി നിലനിർത്താനും മുന്തിരി ഉത്തമമാണ്.
സണ്‍ടാന്‍ പരിഹാരം കൂടിയാണ് മുന്തിരി ജ്യൂസ്. മുന്തിരി ജ്യുസ് കുടിയ്ക്കുമ്പോള്‍ രക്തശുദ്ധി വരികയാണ് ചെയ്യുന്നത്. ഇത് രക്തം വര്‍ദ്ധിപ്പിയ്ക്കുന്നു. രക്തശുദ്ധിയും കൂടുതല്‍ രക്തവുമെല്ലാം ചര്‍മസൗന്ദര്യത്തെ സഹായിക്കും. പ്രായക്കൂടുതല്‍ തടയുന്ന ആന്റിഏജനിംഗ് ഘടകമായും ഇത് പ്രവര്‍ത്തിയ്ക്കും. ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റാന്‍ മുന്തിരി ജ്യൂസ് പുരട്ടുന്നത് നല്ലതാണ്. ചര്‍മത്തിലെ ഈര്‍പ്പം നലി നിര്‍ത്തുന്നതിനുള്ള നല്ലൊരു വഴിയാണ് മുന്തിരി ജ്യൂസ് ചര്‍മത്തില്‍ പുരട്ടുന്നത്. കണ്ണിന് ചുറ്റുമുളള കറുപ്പ് മാറ്റാന്‍ മുന്തിരി ജ്യൂസ് നല്ലതാണ്.
നെല്ലിക്ക ജ്യൂസ്
നല്ല ആരോഗ്യത്തിന് സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് നെല്ലിക്ക. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും ഇത് നല്ലതു തന്നെയാണ്. ധാരാളം ന്യൂട്രിയൻസ് പോളിഫിനോൾ, വൈറ്റമിൻ, അയൺ എന്നിവയാൽ സമൃദ്ധമായ നെല്ലിക്ക 87% ത്തോളം ജലാംശം ഉള്ള ഫലമാണ്.
വൈറ്റമിൻ സി ധാരാളം ഉള്ളതിനാൽ രോഗപ്രതിരോധ ശക്തിക്കും ചർമസംരക്ഷണത്തിനും മുടിവളർച്ചയ്ക്കും ഉത്തമമാണ്. ഒരു ദിവസം നന്നായി തുടങ്ങാനും പോഷണവും ദഹനപ്രക്രിയയും നന്നായി പ്രവർത്തിക്കാനും നെല്ലിക്ക ജ്യൂസ് അത്യുത്തമമാണ്. നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. ദിവസവും 30 മില്ലി നെല്ലിക്കാജ്യൂസ് രണ്ടു നേരം കുടിയ്ക്കുന്നത് മൂത്രം പോകുമ്പോഴുള്ള നീറ്റലൊഴിവാക്കാന്‍ നല്ലതാണ്.
കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കാനും നെല്ലിക്കാ ജ്യൂസ് നല്ലതുതാണ്. രാവിലെ വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മുഖം തിളങ്ങാന്‍ സഹായിക്കും. നെല്ലിക്കാ ജ്യൂസില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുടിയ്ക്കുന്നത് പ്രമേഹം ഒഴിവാക്കാന്‍ നല്ലതാണ്.മാത്രമല്ല തടി കുറയ്ക്കാനും നെല്ലിക്കാ ജ്യൂസ് നല്ലതു തന്നെയാണ്. ഇത് ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ശരീരത്തില്‍ കൂടുതല്‍ രക്തം ഉല്‍പാദിപ്പിക്കാനും നെല്ലിക്കാ ജ്യൂസ് നല്ലതാണ്. ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നത് തടയാനും നെല്ലിക്കാ ജ്യൂസ് നല്ലതാണ്.