കാലാവാസ്ഥാ വ്യതിയാനം മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ രാജ്യത്ത് സംഭവിച്ച വർഷമാണ് 2022. 1901 ന് ശേഷം ഏറ്റവും കടുത്ത ചൂട് അനുഭവപ്പെട്ടതും പോയ വർഷമാണ്. കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 1901ന് ശേഷമുള്ള ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വർഷമായിരുന്നു 2022. ജനുവരിയും ഫെബ്രുവരിയും ഒഴികെ പത്ത് മാസവും കടുത്ത ചൂട് അനുഭവപ്പെട്ടതാണ് ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വർഷമായി 2022 കണക്കാക്കാൻ കാരണം. കാലാവസ്ഥയിൽ പല വ്യതിയാനങ്ങളും രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 2,227 പേരാണ് കടുത്ത ചൂടിൽ രാജ്യത്ത് ആകെ മരിച്ചത്. 2021ൽ ഇത് 1,750 ആയിരുന്നു.
2020ൽ 1,338പേരും കാലാവസ്ഥാപ്രശ്നത്താൽ മരിച്ചിരുന്നു. കഴിഞ്ഞ വർഷം ഇടിമിന്നലേറ്റുള്ള മരണത്തിലും വർധനയുണ്ടായി. 1,285 പേരാണ് ഇടിമിന്നലേറ്റ് കഴിഞ്ഞ വർഷം രാജ്യത്ത് മരിച്ചത്. മഴയിലും വെള്ളപ്പൊക്കത്തിലും 835 മരണം, മഞ്ഞുവീഴ്ചയിൽ 37 മരണം, ഉഷ്ണ തരംഗത്തിൽ 30 പേരും പൊടിക്കാറ്റിൽ 22 പേരും മരിച്ചു. ഇടിമിന്നലിൽ ബിഹാറിൽ മാത്രം മരിച്ചത് 415 പേർ. ഒഡീഷയിൽ 168പേരും ജാർഖണ്ഡിൽ 122 പേരും മധ്യപ്രദേശിൽ 116പേരും ഉത്തർപ്രദേശിൽ 81 പേരും മരിച്ചു. രാജസ്ഥാനിൽ 78 പേരും ഛത്തീസ്ഗഡിൽ 71 പേരും മഹാരാഷ്ട്രയിൽ 64 പേരും അസമിൽ 58 പേരും കഴിഞ്ഞ വർഷം ഇടിമിന്നലേറ്റ് മരിച്ചു.
2021ൽ ഇടിമിന്നലേറ്റുള്ള മരണം 787ഉം 2020ൽ 737ഉം ആയിരുന്നു. മഴയും വെള്ളപ്പൊക്കവും പോലുള്ള കാലാവസ്ഥാ ദുരന്തങ്ങൾ ഏറ്റവും അധികം ബാധിച്ചത് ബിഹാർ, അസം, യുപി, മഹാരാഷ്ട്ര സംസ്ഥാനങ്ങളെയാണ്. 418, 257, 201, 194 എന്നിങ്ങനെയാണ് ഇവിടത്തെ മരണക്കണക്ക്. ഭൂമിയുടെ ഉപരിതല വായുവിന്റെ താപനില ശരാശരിയെക്കാളും കഴിഞ്ഞ വർഷം 0.51 ഡിഗ്രി സെൽഷ്യസ് ഉയർന്നതായി ഐഎംഡിയുടെ റിപ്പോർട്ട് കാണിക്കുന്നു. കഴിഞ്ഞ വർഷത്തെ ശൈത്യകാലത്ത് (ജനുവരി-ഫെബ്രുവരി) ശരാശരി താപനില സാധാരണമായിരുന്നെങ്കിലും, ബാക്കിയുള്ള 10 മാസങ്ങളിൽ ഇത് സാധാരണയേക്കാൾ കൂടുതലായിരുന്നു.
കഴിഞ്ഞ വർഷം രാജ്യത്ത് മൺസൂണിന് മുമ്പുള്ള കാലഘട്ടം അസാധാരണമായ ചൂടായിരുന്നു. 2022 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 6 ദിവസത്തിലധികം താപനില സ്ഥിരമായി 3 ഡിഗ്രി C- 8 ഡിഗ്രി C മുകളിലായിരുന്നു. 2022 ഏപ്രിൽ മാസത്തിൽ രാജ്യത്ത് 70 ശതമാനംഭാഗത്തും ഉഷ്ണതരംഗം അനുഭവപ്പെട്ടു. ഏപ്രിൽ-മെയ് അവസാനത്തോടെ ഉഷ്ണതരംഗം തീരപ്രദേശങ്ങളിലേക്കും രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലേക്കും വ്യാപിച്ചു. കഴിഞ്ഞ വർഷം 15 ചുഴലിക്കാറ്റുകളും ഉണ്ടായി. അസാനി, സിട്രാങ്, മാൻഡസ് ചുഴലിക്കാറ്റുകൾ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാതെ കടന്നുപോയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...