ന്യൂഡല്‍ഹി: സിവില്‍ ഏവിയേഷന്‍ രംഗം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍.
20 ലക്ഷം കോടി രൂപയുടെ കൊറോണ ഉത്തേജക പാക്കേജിന്‍റെ ഭാഗമായി ഇന്ത്യന്‍ എയര്‍ സ്പേസ് ഉപയോഗിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.
ഇതിലൂടെ വ്യോമയാന മേഖലയ്ക്ക് 1,000 കോടി രൂപയുടെ ആനുകൂല്യം ലഭിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ആറു വിമാനത്താവളങ്ങള്‍ കൂടി ലേലം ചെയ്യുമെന്നും അവര്‍ അറിയിച്ചു.
ആശ്വാസ വാര്‍ത്ത! 3 സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിനുകള്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍
ആദ്യ രണ്ട് റൗണ്ടുകളില്‍ ലേലം ചെയ്ത 12 വിമാനത്താവളങ്ങളിലെ സ്വകര്യ നിക്ഷേപകരില്‍ നിന്നും അധിക നിക്ഷേപം സമാഹാരിക്കാനും പദ്ധതിയുണ്ട്. 13,000 കോടി രൂപയാണ് അധിക നിക്ഷേപ തുക.
വ്യോമ പാതകളുടെ പരമാവധി വിനിയോഗത്തിന് ഇത് കാരണമാകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, പറക്കുന്ന സമയവും ഇന്ധന ചിലവും ഇതുമൂലം കുറയ്ക്കാന്‍ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ എയര്‍സ്പേസിന്‍റെ 60 ശതമാനമാണ് സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്. എന്നാല്‍, കൂടുതല്‍ വ്യോമപാതകള്‍ വരുന്നതോടെ യാത്രാ സമയം കുറയുകയും ഇന്ധനം ലാഭിക്കുകയും ചെയ്യാം. -നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 20 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.