ഗോവയില്‍ വീണ്ടും കോവിഡ്‌, 7 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

  കോവിഡ്‌ മുക്തമായിരുന്ന ഗോവയില്‍ വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. 

Last Updated : May 14, 2020, 01:40 PM IST
ഗോവയില്‍ വീണ്ടും കോവിഡ്‌,  7 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

പനാജി:  കോവിഡ്‌ മുക്തമായിരുന്ന ഗോവയില്‍ വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. 

ഒരു മാസമായി ഗോവയില്‍ കോവിഡ്‌  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ പുതുതായി 7  പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  സംസ്ഥാന  ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയാണ്  ഗോവയില്‍ രണ്ടാമതും വൈറസ് ബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

കഴിഞ്ഞ ദിവസം  മഹാരാഷ്ട്രയില്‍ നിന്നും റോഡ് മാര്‍ഗം ഗോവയിലേക്ക് എത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് സ്ഥിരീകരിച്ചവരില്‍ 5  പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇവരെ ഗോവയില്‍ എത്തിച്ച വാഹനത്തിന്‍റെ  ഡ്രൈവര്‍ക്കും വൈറസ് പിടിപെട്ടു. ഇവരുടെ സാമ്പിള്‍ നേരത്തെ തന്നെ ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു. കൂടാതെ,  ഗുജറാത്തില്‍ നിന്നെത്തിയ ഒരു ട്രക്ക് ഡ്രൈവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്ത് ഏറ്റവുമാദ്യം കൊറോണ വൈറസിനെ അതിജീവിച്ച സംസ്ഥാനമായിരുന്നു ഗോവ. ആദ്യ ഘട്ടത്തില്‍ 7 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. 7 പേരും സുഖപ്പെടുകയു൦  ചെയ്തിരുന്നു.

വൈറസിനെ അതിജീവിച്ചുവെങ്കിലും സാമൂഹിക അകലം പാലിക്കണമെന്നും  ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ ജനം കൃത്യമായി അനുസരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. 

മാര്‍ച്ച്‌ 25നാണ് ഗോവയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. ഏപ്രില്‍ മൂന്നിന് അവസാന കേസും റിപ്പോര്‍ട്ട് ചെയ്തു. വിനോദസഞ്ചാര മേഖലക്ക് ഏറെ പ്രാധാന്യമുള്ള ഗോവയിലെ ആകെ ജനസംഖ്യ 15.8 ലക്ഷമാണ്.

Trending News