ന്യൂഡല്‍ഹി: മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് മഹാരാഷ്ട്ര പൊലീസ്. അറസ്റ്റിലായവര്‍ എല്‍ഗാര്‍ പരിഷത്ത് പരിപാടിയുടെ ഭാഗമായിരുന്നുവെന്നും അന്വേഷണ സംഘം അവകാശപ്പെടുന്നു.
അറസ്റ്റിലായവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചശേഷം മാത്രമാണ് നടപടിയുമായി മുന്നോട്ടു പോയതെന്ന് അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പൊലീസ് പരം ബിര്‍ സിങ് വ്യക്തമാക്കി.
കൃത്യമായ തെളിവുണ്ടെന്ന് ബോധ്യമായശേഷമാണ് നടപടിയുമായി മുന്നോട്ടുപോയതെന്ന് പറഞ്ഞ അദ്ദേഹം, അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റ് സംഘനടകളുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്നും സൂചിപ്പിച്ചു.
മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ജൂണില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് റോണ വില്‍സണിന്റെ ലാപ്‌ടോപ്പില്‍ നിന്നും പാസ്‌വേര്‍ഡുകൊണ്ട് സംരക്ഷിക്കപ്പെട്ട ഒരു രേഖ പിടിച്ചെടുത്തിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു. അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍ പരസ്പരം കൈമാറിയ കത്തുകള്‍ പ്രകാരം ശ്രദ്ധ നേടുന്ന ഒരു 'വലിയ നടപടിക്ക്' പദ്ധതിയിട്ടിരുന്നതായും പിടിച്ചെടുത്ത രേഖകള്‍ ഡീകോഡ് ചെയ്യാന്‍ പൂനെ പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുപ്രകാരം മോദി ഭരണം അവസാനിപ്പിക്കാന്‍ ശക്തമായ നടപടി ആവശ്യമുണ്ടെന്നാണ് റോണ വില്‍സണിന്റെ കമ്പ്യൂട്ടറില്‍ നിന്നും ലഭിച്ച കത്തില്‍ പറയുന്നത്. രാജീവ് ഗാന്ധിക്ക് സമാനമായ സംഭവത്തെക്കുറിച്ചാണ് ഞങ്ങള്‍ ആലോചിക്കുന്നതെന്നും കത്തില്‍ സൂചനയുള്ളതായി പരം ബിര്‍ സിങ് ചൂണ്ടിക്കാണിക്കുന്നു.
സുധാ ഭരദ്വാജ്, ഗൗതം നവ്ലഖ, അരുണ്‍ ഫെറീറ, വെര്‍ണന്‍ ഗോണ്‍സാല്‍വാസ് വരാവര റാവു എന്നിവരെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്.