ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ ബോളിവുഡ് നടി സൈറ വസീമിനെ അപമാനിച്ചു എന്ന് പറയപ്പെടുന്ന സമയത്ത് പ്രതി വികാസ് സച്ദേവ് ഉറങ്ങുകയായിരുന്നു എന്ന് സാക്ഷിമൊഴി.
വികാസ് ഇരുന്ന അതേ നിരയില്‍ ഇരുന്നിരുന്ന ആളാണ് പുതിയ സാക്ഷി. നേരത്തെ വികാസിന്റെ ഭാര്യയും ഇയാള്‍ ഉറങ്ങുകയായിരുന്നുവെന്ന് പറഞ്ഞു മുന്നോട്ടു വന്നിരുന്നു.
'വികാസ് ഇരുന്ന അതേ സീറ്റില്‍ ആയിരുന്നു ഞാനും. നടി ഇരുന്നിരുന്ന സീറ്റിന്റെ വശത്ത് കാല് വയ്ക്കുകയല്ലാതെ അയാള്‍ മറ്റൊന്നും ചെയ്തതായി കണ്ടില്ല. സാക്ഷി പോലീസിനോട് പറഞ്ഞു. കൂടാതെ ഫ്ലൈറ്റ് മുംബൈ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത ഉടനെ വികാസ് നടിയോട് മാപ്പ് പറഞ്ഞു എന്നും ഇയാള്‍ പറഞ്ഞു.
ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള എയർ വിസ്താര വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടയില്‍ സീറ്റിനു പിന്നിൽ ഇരുന്ന വികാസ് കാലുയോഗിച്ച് സൈറ വസീമിന്റെ പിന്നിലും കഴുത്തിലും ഉരസിയെന്നാണ് കേസ്. നടി തന്നെ സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വികാസ് സച്ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.