Agnipath Scheme: അഗ്നിപഥ് പദ്ധതിയെ എതിര്‍ത്ത് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികൈത്. പദ്ധതിയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും രാജ്യത്തെ യുവാക്കളുടെ നേര്‍ക്ക് അനീതി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അഗ്നിപഥ് പദ്ധതിയ്ക്കെതിരെ രാജ്യമൊട്ടാകെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ട അവസരത്തിലാണ് പ്രതികരണവുമായി രാകേഷ് ടികൈത് രംഗത്തെത്തിയത്. പദ്ധതിയ്ക്കെതിരെ യുവാക്കള്‍ തെരുവിലിറങ്ങിയിരിയ്ക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ അതിഭീകരമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വെറും നാല് വർഷത്തേക്ക് ജോലി സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലല്ല യുവാക്കൾ. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും അക്രമങ്ങളും തീവെപ്പുകളും നടക്കുകയാണ്.
അതിനിടെയാണ് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികൈത് വലിയ പ്രഖ്യാപനം നടത്തിയിരിയ്ക്കുന്നത്. "ഈ പദ്ധതിയെ എതിർക്കും, ഇത് യുവാക്കളുടെ താൽപര്യത്തിന് നിരക്കുന്നതല്ല. രാജ്യത്തിന് വീണ്ടും വലിയ ഒരു മുന്നേറ്റം ആവശ്യമാണ്. കര്‍ഷകര്‍ അതിന് തയ്യാറാണ്. നാല് ലക്ഷം ട്രാക്ടറുകൾ തയ്യാറായി നിൽക്കുന്നു. കർഷകർക്ക് ഡൽഹിയിലേക്കുള്ള വഴി അറിയാം...!! രാകേഷ് ടികൈത് പറഞ്ഞു.
ഭാരതീയ കിസാന്‍ യൂണിയന്‍റെ ത്രിദിന കൺവൻഷൻ ഹരിദ്വാറിൽ നടക്കുകയാണ്. അതേസമയം, കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം പ്രക്ഷോഭം എപ്പോള്‍, എവിടെവച്ച് ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ല,
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 'അഗ്നിപഥ്' പദ്ധതിയെ എതിർക്കുന്നതിനിടെ സർക്കാരിന്‍റെ ഉദ്ദേശ്യശുദ്ധിയേയും അദ്ദേഹം ചോദ്യം ചെയ്തു. യുവാക്കൾക്ക് ഇതുവരെ പട്ടാളത്തിൽ 15 വർഷത്തെ ജോലിയും പെൻഷനും ലഭിച്ചിരുന്നു. എന്നാല്‍, വെറും നാല് വർഷത്തെ സേവനത്തിന് ശേഷം പെൻഷനില്ലാതെ യുവാവ് വീട്ടിലേക്ക് പോകുമ്പോൾ അവന്‍റെ ഭാവി എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കിൽ എം.എൽ.എ / എം.പി തിരഞ്ഞെടുപ്പിൽ വ്യക്തികള്‍ ഒരു തവണ മാത്രമേ മത്സരിക്കാവൂ എന്ന നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം.എൽ.എ.ക്കും എം.പിക്കും 90 വയസ് വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാം, പെൻഷനും വാങ്ങാം, എന്നാല്‍, യുവാക്കൾ നാല് വർഷം മാത്രം ജോലി ചെയ്തിട്ട് വീട്ടിലേക്ക് മടങ്ങുക? ഇത് ന്യായമാണോ? അദ്ദേഹം ചോദിച്ചു.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതിയ്ക്കെതിരെ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. ബീഹാര്‍, ഹരിയാന, ഡല്‍ഹി, മധ്യ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രതിഷേധാഗ്നിയില്‍ ജ്വലിക്കുകയാണ്. യുവാക്കളുടെ പ്രതിഷേധം കണക്കിലെടുത്ത് ഹരിയാനയിലെ പല്‍വലില്‍ സെക്ഷൻ 144 ഏർപ്പെടുത്തി. ഹരിയാനയിലെ റോത്തക്കിൽ ഈ പദ്ധതിയിൽ പ്രതിഷേധിച്ച് ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പല്‍വലില്‍ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ്, ഡോംഗിൾ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. അടുത്ത 24 മണിക്കൂർ നേരത്തേക്ക് ഈ ഉത്തരവ് നിലനിൽക്കും. ബാങ്കിംഗ്, മൊബൈൽ റീചാർജ് സൗകര്യം തുടരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...