എല്ലാവരേയും മാനിച്ച്, ദീര്‍ഘകാല പ്രശ്നത്തിന് പരിഹാരം കണ്ടെത്തും: ശ്രീ ശ്രീ രവിശങ്കര്‍

മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനുള്ള സുപ്രീം കോടതിയുടെ തീരുമാനം രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നല്ലത്, മധ്യസ്ഥത മാത്രമാണ് ഏക പരിഹാര മാര്‍ഗ്ഗമെന്ന് ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍.

Last Updated : Mar 8, 2019, 05:36 PM IST
എല്ലാവരേയും മാനിച്ച്, ദീര്‍ഘകാല പ്രശ്നത്തിന് പരിഹാരം കണ്ടെത്തും: ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി: മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനുള്ള സുപ്രീം കോടതിയുടെ തീരുമാനം രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നല്ലത്, മധ്യസ്ഥത മാത്രമാണ് ഏക പരിഹാര മാര്‍ഗ്ഗമെന്ന് ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍.

അയോധ്യയിലെ ഭൂമി തര്‍ക്ക വിഷയത്തിന് പരിഹാരം കണ്ടെത്താനുള്ള മധ്യസ്ഥ സമിതിയിലെ അംഗമാണെന്നറിഞ്ഞപ്പോഴുള്ള അദ്ദേഹത്തിന്‍റെ പ്രതികരണമായിരുന്നു ഇത്.

എല്ലാവരെയും ബഹുമാനിക്കും, സ്വപ്നം സാക്ഷാത്ക്കരിക്കും, ദീര്‍ഘകാലമയി നിലനില്‍ക്കുന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്തും, ഒപ്പം സാമുദായിക ഒത്തൊരുമ സാഫല്യമാക്കും, അദ്ദേഹം പറഞ്ഞു.

അതേസമയം, മധ്യസ്ഥ ചര്‍ച്ചാ സമിതിയില്‍ ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കറെ ഉള്‍പ്പെടുത്തിയത് എതിര്‍പ്പിന് കാരണമായിരിക്കുകയാണ്. 

ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമിന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി മധ്യസ്ഥ ചര്‍ച്ചാ സമിതിയില്‍ "നിഷ്പക്ഷ" മധ്യസ്ഥനെ നിയമിക്കണമെന്ന് അഭിപ്രായപ്പെട്ടു. 

'അയോധ്യ ഭൂമിയിലുള്ള അവകാശവാദം മുസ്ലീങ്ങള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആയിമാറുമെന്നായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍ ഒരിക്കല്‍ പറഞ്ഞത്, ഒരു നിഷ്പക്ഷ" മധ്യസ്ഥനെ ചര്‍ച്ചാ സമിതിയില്‍ സുപ്രീംകോടതി നിയമിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു', ഉവൈസി പറഞ്ഞു. 

അയോധ്യയിലെ ഭൂമി തര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടുന്നതിനുള്ള തീരുമാനത്തിന്‍റെ ഭാഗമായി രൂപീകരിച്ച മൂന്നംഗ സമിതിയില്‍ . മുന്‍ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള, ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പാഞ്ചു എന്നിവരാണ്‌ മറ്റംഗങ്ങള്‍. 

മധ്യസ്ഥ ചര്‍ച്ചയില്‍ ഉരുതിരിയുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ എന്താണോ അത് സുപ്രീംകോടതിക്ക് വിധിക്ക് തുല്യമായിരിക്കും എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചകള്‍ സംബന്ധിച്ച ആദ്യ റിപ്പോർട്ട് 4 ആഴ്ചയ്ക്കുള്ളിൽ നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സമിതിയുടെ നപടികള്‍ പൂര്‍ണ്ണമായും രഹസ്യമായിരിക്കണമെന്നും, സമിതിയുടെ പ്രവര്‍ത്തനത്തില്‍ കോടതിയുടെ നിരീക്ഷണമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. കൂടാതെ, ചര്‍ച്ച ഫൈസാബാദില്‍ ഒരാഴ്ച്ചയ്ക്കകം ആരംഭിക്കണം. സമിതിയ്ക്ക് ആവശ്യമെന്നു തോന്നുന്ന പക്ഷം കൂടുതല്‍ പേരെ സമിതിയില്‍ ഉള്‍പ്പെടുത്താമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഈ വിഷയത്തില്‍, മധ്യസ്ഥതയിലൂടെ പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഇതാണ് സമിതിയുടെ രൂപീകരണത്തിന് വഴിയൊരുക്കിയത് 

 

Trending News