ഏറെ വിവാദങ്ങൾക്കും, തർക്കങ്ങൾക്കും ഒടുവിൽ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ പോവുകയാണ്. അയോധ്യയില്‍ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ഉയരം 161 അടി ആയിരിക്കും. 1988ൽ തയ്യാറാക്കിയ ക്ഷേത്ര രൂപകൽപനയിലേതിനേക്കാള്‍ 20 അടി കൂടതലാണിതെന്ന് ക്ഷേത്രത്തിന്റെ വാസ്തുശിൽപി നിഖിൽ സോംപുര പറഞ്ഞു. 141 അടി ഉയരത്തിലാണ് അന്ന് ക്ഷേത്രത്തിന്റെ രൂപകൽപന തയ്യാറാക്കിയിരുന്നത്.
രാമക്ഷേത്രം സന്ദർശിക്കാൻ ജനങ്ങൾ ആവേശഭരിതരാണെന്നും, അതുകൊണ്ടാണ് ക്ഷേത്രത്തിന്റെ വലുപ്പം വർധിപ്പിക്കാമെന്ന് കരുതിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പുള്ള രൂപകൽപനയെ അടിസ്ഥാനമാക്കി കൊത്തിയെടുത്ത തൂണുകളും കല്ലുകളും നിർമാണത്തിൽ ഉപയോഗിക്കും. രണ്ട് മണ്ഡപങ്ങൾ മാത്രമേ അധികമായി രൂപകൽപനയിൽ ഉൾപ്പെടുത്തിയിട്ടുള്ളു. ക്ഷേത്ര നിർമാണം മൂന്ന്- മൂന്നര വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും ക്ഷേത്രത്തിന്റെ മുഖ്യ വാസ്തുശിൽപിയായ സി. സോംപുരയുടെ മകൻ കൂടിയായ നിഖിൽ സോംപുര കൂട്ടിച്ചേർത്തു.
Also Read: കലിതുള്ളി ബ്രഹ്മപുത്ര;അസമിലെ 24 ജില്ലകള്‍ വെള്ളത്തിനടിയില്‍
ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്ര നിർമാണത്തിന്റെ ശിലാസ്ഥാപനവും ഭൂമി പൂജയും നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനെത്തും. പ്രധാനമന്ത്രിക്ക് പുറമേ നിരവധി പ്രമുഖരും ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.