ജമ്മു: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം. ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും ആറ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ഭീകരരെ വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണു ജബന്‍സ്പോറയിലെ 46 രാഷ്ട്രീയ റൈഫിള്‍സ് സൈനിക ക്യാമ്പിനുനേരെ വെടിവെപ്പുണ്ടായത്. ചാവേർ സംഘത്തിൽ ആറുപേർ ഉണ്ടായിരുന്നതായാണു വിവരം.
രണ്ട് മണിക്കൂറോളം ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍ നടന്നു. രണ്ട് മണിക്കൂറിന് ശേഷം ഏറ്റുമുട്ടല്‍ അവസാനിച്ചതായി സൈന്യത്തിന്‍റെ വടക്കന്‍ കമാന്‍ഡ് അറിയിച്ചു. ക്യാംപിന്‍റെ രണ്ടു വശത്തുനിന്നും ഗ്രനേഡുകൾ എറിഞ്ഞായിരുന്നു ആക്രമണം. സർവസജ്ജരായിരുന്ന സൈനികർ ഉടൻ തിരിച്ചടിക്കുകയും ഭീകരർക്കുനേരെ വെടിയുതിർക്കുകയും ചെയ്തു. ഭീകരർക്കു ക്യാംപിനുള്ളിൽ കടക്കാനായില്ല. അതിർത്തിയിലെ ബിഎസ്എഫ് പോസ്റ്റിനുനേരെയും ഭീകരർ ആക്രമണം നടത്തി.
രണ്ടാഴ്ച മുൻപ് ഉറിയിലെ സൈനിക ക്യാംപിലുണ്ടായ ഭീകരാക്രമണത്തിൽ 19 സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിനു തിരിച്ചടിയായിട്ടാണ് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയത്. ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
ഞായറാഴ്ച രാത്രി ഒൻപതുമണിയോടെ നിയന്ത്രണരേഖയ്ക്ക് സമീപം അഖ്നൂറിൽ പാക്ക് സൈന്യം വെടിനിർത്തൽ കരാർലംഘിച്ചിരുന്നു. ശക്തമായ വെടിവയ്പ്പാണ് ഈ മേഖലയിൽ പാക്ക് സൈന്യത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്.