ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്നും BJPയിലേയ്ക്ക് കുടിയേറിയ നേതാവും മകനും തിരികെ കോണ്‍ഗ്രസില്‍....
സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഉപ തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ഈ കൂറുമാറ്റം ഇടക്കാലത്ത് അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് ആത്മ വിശ്വാസം കൂട്ടുകയാണ്....
19 മാസം മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് BJPയില്‍ ചേര്‍ന്ന മുൻ എംപി പ്രേംചന്ദ് ഗുഡ്ഡുവും മകൻ അജിത് ബോർസായിയുമാണ് ബിജെപി വിട്ട് കോൺഗ്രസിൽ തിരികെയെത്തിയത്. എന്ത് വിലകൊടുത്തും മധ്യ പ്രദേശില്‍ അധിക്കാരം തിരികെ പിടിക്കാന്‍ തീവ്ര ശ്രമം നടത്തുന്ന കോണ്‍ഗ്രസിന് പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന നീക്കമാണ് ഇത്.
തങ്ങളെ അധികാരത്തിൽ നിന്നും പുറത്താക്കിയ പാര്‍ട്ടിയ്ക്ക് മറുപടി നൽകാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഇതിന്‍റെ ആദ്യ പടിയായി ബിജെപിയിൽ നിന്നുതന്നെ നേതാവിനെ പാർട്ടിയിൽ തിരികെയെത്തിക്കുന്നതില്‍ വിജയിച്ചിരിയ്ക്കുകയാണ് കോണ്‍ഗ്രസ്.
ജ്യോതിരാദിത്യ സിന്ധ്യയുമായി ഉണ്ടായ അഭിപ്രായവ്യത്യാസമാണ് പ്രേംചന്ദ് ഗുഡ്ഡു കോണ്‍ഗ്രസ് വിട്ട് BJPയില്‍ ചേരാന്‍ കാരണം. 2018ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് അദ്ദേഹം അജിത് ബോർസായിക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുഡ്ഡുവിന്‍റെ മകന്‍ അജിത് ഉജ്ജൈനിലെ ഘാട്ടിയ നിയമസഭ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. എന്നാൽ പരാജയപ്പെട്ടു.
മകൻ പരാജയപ്പെട്ടതോടെ ഗുഡ്ഡു ബിജെപി നേതൃത്വത്തിൽ നിന്ന് അകലം പാലിച്ചിരുന്നു. പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിൽക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ തന്നെ ഗുഡ്ഡു കോൺഗ്രസ് പാര്‍ട്ടിയിലേയ്ക്ക് മടങ്ങാൻ കരുനീക്കം നടത്തിയിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യയുടെ കടുത്ത വിമർശകനായ ഗുഡ്ഡു സിന്ധ്യയുടെ ബിജെപി പ്രവേശനത്തില്‍ അസ്വസ്ഥനായിരുന്നു. സിന്ധ്യയെയും കുടുംബത്തെയും ഉന്നംവെച്ച് വിശ്വാസ വഞ്ചകര്‍ എന്നായിരുന്നു ഗുഡ്ഡു പറഞ്ഞത്. ജ്യോതിരാദിത്യയുടെ പിതാവ് മാധവറാവു സിന്ധ്യ കോണ്‍ഗ്രസിനെ ചതിക്കുകയും തിരഞ്ഞെടുപ്പില്‍ മാറി നിന്ന് മത്സരിക്കുകയും ചെയ്തു. മുത്തശ്ശി രാജമാതാ സിന്ധ്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയിട്ടുണ്ട് എന്നും ഗുഡ്ഡു പറഞ്ഞിരുന്നു. എന്നാല്‍, ഈ പരാമര്‍ശത്തില്‍ BJP വിശദീകരണം തേടിയെങ്കിലും താൻ ഫെബ്രുവരി 9 ന് തന്നെ ബിജെപിയിൽ നിന്നും രാജിവച്ചുവെന്നായിരുന്നു ഗുഡ്ഡു നല്‍കിയ മറുപടി.
ഗുഡ്ഡുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. ഇനി ഉപതിരഞ്ഞെടുപ്പിൽ സൻവാർ നിയമസഭ മണ്ഡലത്തിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനും ഇപ്പോള്‍ മന്ത്രിയുമായ തുള്‍സി സിലാവത്തിനെതിരെ പ്രേമചന്ദ്ര ഗുഡ്ഡു തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന. തുള്‍സി സിലാവത്തിനെ പരാജയപ്പെടുത്തുമെന്ന് പ്രേമചന്ദ്ര ഗുഡ്ഡു വെല്ലുവിളിയ്ക്കുകയും ചെയ്തിട്ടുണ്ട്.
എന്തായാലും, മധ്യ പ്രദേശ് ഉപ തിരഞ്ഞെടുപ്പ് ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
തിരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് സെപ്റ്റംബറോടെ മധ്യ പ്രദേശിൽ 24 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. അധികാരം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസും അധികാരം നിലനിര്‍ത്താന്‍ BJPയും തീവ്ര ശ്രമമാണ് നടത്തുന്നത്.