കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു: ജ്യോതിരാദിത്യ സിന്ധ്യ

ജമ്മു-കശ്മീരിന്‍റെ പ്രത്യക അധികാരം എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ.

Last Updated : Aug 6, 2019, 07:49 PM IST
കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു: ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന്‍റെ പ്രത്യക അധികാരം എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ.

രാജ്യത്തിന് അനിവാര്യമായ ബില്ലാണ് നടപ്പാക്കിയത്. ഭരണഘടനാ മാര്‍ഗം പിന്തുടര്‍ന്നെങ്കില്‍ ഇപ്പോള്‍ ചോദ്യങ്ങളുയരുന്നത് ഒഴിവാക്കാമായിരുന്നു. എങ്കിലും ഇത് രാജ്യതാത്പര്യത്തിന് വേണ്ടിയാണ്. ഞാന്‍ ഈ ബില്ലിനെ പിന്തുണയ്ക്കുന്നു. ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.

കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത ഉയര്‍ന്നിരുന്നു. നിരവധി നേതാക്കള്‍ ബില്ലിന് പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ തന്‍റെ നിലപാട് വ്യക്തമാക്കിയതാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. 

കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിലെ ഭിന്നത തിങ്കളാഴ്ച തന്നെ മറനീക്കി പുറത്തു വന്നിരുന്നു. അസമില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ  ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത ഇന്നലെത്തന്നെ ബില്ലിനോടുള്ള പാര്‍ട്ടി നിലപാടില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രാജിവെച്ചിരുന്നു.

"ചരിത്രപരമായ തെറ്റ് തിരുത്തി"യെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജനാര്‍ദ്ദന്‍ ദ്വിവേദി അഭിപ്രായപ്പെട്ടത്.

ഹരിയാനയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ എസ് ഹൂഡയും തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തിയിരുന്നു.

അപ്രതീക്ഷിതമായി കൊണ്ടുവരപ്പെട്ട ബില്ലിന്‍മേല്‍ ഒരു നിലപാടെടുക്കാനാവാത്ത അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്‌ പാര്‍ട്ടിയെന്ന്‍ വ്യക്തം. എന്നാല്‍ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളും ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു. സോണിയാഗാന്ധിയും ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയില്ല.

കശ്മീര്‍ സ്വദേശി കൂടിയായ ഗുലാംനബി ആസാദിനെ മുന്‍നിര്‍ത്തിയാണ് ഇന്നലെ കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. ബില്ലുകളിലൂടെയും പ്രമേയത്തിലൂടെയും ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. 

Trending News