ഭാരത് ബന്ദ്: സമാധാനം നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ച് രാജ്നാഥ് സിംഗ്

സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനും അക്രമങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും രാജ്നാഥ് സിംഗ് വിവിധ ദളിത് സംഘടനകളോടും രാഷ്ട്രീയ പാര്‍ട്ടികളോടും  ആഹ്വാനം ചെയ്തു

Last Updated : Apr 2, 2018, 01:27 PM IST
ഭാരത് ബന്ദ്: സമാധാനം നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ച് രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: അക്രമം ഒഴിവാക്കി സമാധാനം നിലനിറുത്താന്‍ ദളിത് സംഘടനകളോടും രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ രാജ്യമെമ്പാടും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ അഭ്യര്‍ത്ഥന. 

പട്ടികജാതി/വർഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരെ കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീം കോടതിയുടെ മാര്‍ച്ച് 20ലെ ഉത്തരവിനെതിരെയാണ് പ്രതിഷേധം. സുപ്രീംകോടതി ഉത്തരവിനെതിരെ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചതായി രാജ്നാഥ് സിംഗ് അറിയിച്ചു. 

സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനും അക്രമങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും രാജ്നാഥ് സിംഗ് വിവിധ ദളിത് സംഘടനകളോടും രാഷ്ട്രീയ പാര്‍ട്ടികളോടും  ആഹ്വാനം ചെയ്തു. ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമമാണ് നടക്കുന്നത്. പല സംസ്ഥാനങ്ങളിലും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. മധ്യപ്രദേശിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 

രാജസ്ഥാന്‍, ബീഹാര്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരക്കെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവിടങ്ങളിലെ റയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പലയിടങ്ങളില്‍ കടകകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ കത്തിച്ചു. 

Trending News