ബിജെപിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കേരളത്തില്‍!!

ആവേശകരമായ ഒരു ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ കൂട്ടലും കിഴിക്കലും തന്ത്രങ്ങള്‍ മെനയലും നടത്തുന്ന സമയം. 

Last Updated : Dec 28, 2018, 11:24 AM IST
ബിജെപിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കേരളത്തില്‍!!

ന്യൂഡല്‍ഹി: ആവേശകരമായ ഒരു ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ കൂട്ടലും കിഴിക്കലും തന്ത്രങ്ങള്‍ മെനയലും നടത്തുന്ന സമയം. 

ലോകസഭാ തിരഞ്ഞെടുപ്പിനുള്ള ആവേശകരമായ തയ്യാറെടുപ്പിലാണ് രാജ്യത്തെ ഒട്ടു മിക്ക രാഷ്ട്രീയ പാര്‍ട്ടികളും. സ്വന്തം തയ്യാറെടുപ്പുകള്‍ മൂടിവച്ചും മറ്റു പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ ചോര്‍ത്തിയും പാര്‍ട്ടികള്‍ മുന്നോട്ടു നീങ്ങുകയാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും.

2014ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപിയെ സംബന്ധിച്ചിടത്തോളം 2019ലെ തിരഞ്ഞെടുപ്പ് വളരെ നിര്‍ണ്ണായകമാണ്. സഖ്യകക്ഷികളെ ഒപ്പം നിര്‍ത്താനും കൂടുതല്‍ ചെറു പാര്‍ട്ടികളെ ഒപ്പം ചേര്‍ക്കാനുമുള്ള തീവ്രശ്രമത്തിലായിരുന്നു ബിജെപി നേതൃത്വം. 

ബിജെപി തങ്ങളുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ജനുവരി മാസത്തില്‍ തന്നെ ആരംഭിക്കുകയാണ്. 2014ല്‍ നടന്നതുപോലെതന്നെ ഇത്തവണയും പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. മോഡിയുടെ പ്രസംഗചാതുരിയും വോട്ടര്‍മാരെ കൈയിലെടുക്കാനുള്ള കഴിവും ഇത്തവണയും ബിജെപിയ്ക്ക് സഹായകമാവുമെന്നാണ് ബിജെപി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നത്‌.  

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍നിന്നും വ്യത്യസ്തമായി ഇത്തവണ ബിജെപി ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിയ്ക്കുക ദക്ഷിണേന്ത്യയില്‍നിന്നാണ്. അതായത്, ഇതുവരെ ബിജെപി തിരഞ്ഞെടുപ്പിലൂടെ ഒരു പാര്‍ലമെന്‍റ് അംഗത്തെപ്പോലും നേടാത്ത സംസ്ഥാനമായ കേരളത്തില്‍നന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ബ്യൂഗിള്‍ മുഴക്കുക. 

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിയ്ക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 6ന് പത്തനംതിട്ടയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 

ജനുവരി ആദ്യവാരത്തില്‍ ആന്ധ്രാപ്രദേശ് സന്ദര്‍ശനത്തിനുശേഷമാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുക. സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കേരളത്തിലെ 140 അംഗ നിയമസഭയിൽ ബിജെപിയ്ക്ക് ഇതുവരെ ഒരു സീറ്റില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചിട്ടുള്ളത്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപിക്ക് തലനാരിഴയ്ക്ക് വിജയം നഷ്ടപ്പെട്ടിരുന്നു, അദ്ദേഹം പറഞ്ഞു.  

അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിയ്ക്കാന്‍ കേരളത്തിലെ പത്തനംതിട്ടതന്നെ തിരഞ്ഞെടുത്തത് ബിജെപിയുടെ നയതന്ത്ര ചാരുതയെയാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ പ്രസിദ്ധമായ ശബരിമല അമ്പലം സ്ഥിതിചെയ്യുന്നത് ഈ ജില്ലയിലാണ്. ഇപ്പോള്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലവിഷയം ആളിക്കത്തിനില്‍ക്കുന്ന അവസരത്തില്‍ ഹിന്ദു വോട്ട് കൈക്കലാക്കാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരമാണ് ഇത്. എന്തായാലും, പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശം ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 

 

 

Trending News