ബെംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവത്തതിനെ തുടര്‍ന്ന് കര്‍ണാടയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സംഘര്‍ഷം അക്രമാസക്തമായതിനെ തുടര്‍ന്ന് ബംഗൂരു-മൈസൂര്‍ റോഡ് അടച്ചു. മെട്രോ സര്‍വീസും നിര്‍ത്തിവെച്ചു. ബംഗലൂരുവില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു തമിഴ്നാട് ലോറികള്‍ക്ക് അജ്ഞാതര്‍ തീവച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബെംഗളൂരില്‍ നിന്ന് സേലം വഴി കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി.
48 കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസുകള്‍ ബംഗുളൂരുവില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.29 പ്രതിദിന സര്‍വീസുകളും ഓണം സ്പെഷ്യല്‍ 19 സര്‍വീസുകളും റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. മതിയായ സുരക്ഷ ലഭിച്ചാല്‍ മാത്രമേ തുടര്‍ സര്‍വീസ് ഉണ്ടാകൂ എന്നാണ് വിവരം. വിഷയത്തില്‍ കര്‍ണ്ണാടക ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.
സെപ്തംബര്‍ 20 വരെ തമിഴ്നാടിന് പ്രതിദിനം 12000 ക്യുസെക്സ് വെള്ളം വിട്ടു നല്‍കണമെന്ന സുപ്രിംകോടതി വിധി വന്നതോടെയാണ് അക്രമം രൂക്ഷമായത്. വിധി താല്‍ക്കാലികമായി കര്‍ണാടകയ്ക്ക് ആശ്വാസം പകരുന്നതാണെങ്കിലും വെള്ളം വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന നിലപാടിലാണ് കര്‍ണാടക.
നേരത്തെ കന്നഡ താരങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്ന് തമിഴ് യുവാവിനെ ഒരു സംഘമാളുകള്‍ മര്‍ദിച്ചിരുന്നു. ഇതേതുടര്‍ന്ന്‍, ചെന്നൈയില്‍ കര്‍ണ്ണാടക ഹോട്ടലുകള്‍ക്ക് നേരെ വ്യാപക അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. പുതുച്ചേരിയില്‍ കര്‍ണ്ണാടക ബാങ്കിനു നേരെയും അക്രമം ഉണ്ടായി.
WATCH: Pro-Kannada activists set a vehicle on fire in #Bengaluru during protests over #CauveryIssue. pic.twitter.com/hDTuNZULd1
— ANI (@ANI_news) September 12, 2016