7ാം ശമ്പള കമ്മീഷന്‍ ലഡാക്കിലും ജമ്മു-കശ്മീരിലും പ്രാബല്യത്തില്‍

പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങളായ ലഡാക്കിനും ജമ്മു-കശ്മീരിനും കേന്ദ്ര സര്‍ക്കാരിന്‍റെ വക ദീപാവലി സമ്മാനം!!

Last Updated : Oct 22, 2019, 04:30 PM IST
7ാം ശമ്പള കമ്മീഷന്‍ ലഡാക്കിലും ജമ്മു-കശ്മീരിലും പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങളായ ലഡാക്കിനും ജമ്മു-കശ്മീരിനും കേന്ദ്ര സര്‍ക്കാരിന്‍റെ വക ദീപാവലി സമ്മാനം!!

ജമ്മു-കശ്മീരിലും ലഡാക്കിലും 7ാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 7ാം ശമ്പള കമ്മീഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.

ഒക്ടോബര്‍ 31 മുതലാണ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7ാം ശമ്പള കമ്മീഷന്‍  ശുപാര്‍ശ ചെയ്യുന്ന ശമ്പളവും മറ്റ് അനുബന്ധ ആനുകൂല്യങ്ങളും ലഭിക്കുക. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രമന്ത്രി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിനുള്ള പ്രമേയത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് അംഗീകാരം നല്‍കിയത്. ഇതോടെ ഒക്ടോബര്‍ 31 മുതല്‍ പരിഷ്കാരം രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രാബല്യത്തില്‍ വരും. 4.5 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പ്രയോജനം ലഭിക്കുക. 

അതേസമയം, സര്‍ക്കാരിന്‍റെ ചിലവിലേക്ക് അധികമായി 4800 കോടി രൂപ കൂടി വരും. കുട്ടികളു‍ടെ വിദ്യാഭ്യാസ അലവന്‍സ് 607 കോടി, ഫിക്സഡ് മെഡിക്കല്‍ അലവന്‍സ് 108 കോടി, ഹോസ്റ്റല്‍ അലവന്‍സ് 1823 കോടി, ലീവ് ട്രാവല്‍ കണ്‍സെഷന്‍ 1000 കോടി, ഗതാഗത അലവന്‍സ് 1200 കോടി, മറ്റ് അലവന്‍സുകള്‍ 62 കോടി എന്നിങ്ങനെ മൊത്തം 4800 കോടി രൂപയാണ് സര്‍ക്കാരിന് അധികമായി കണ്ടെത്തേണ്ടി വരിക. 

ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിനായുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ണ്ണായക തീരുമാനമാണ് ഇത്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ തീരുമാനത്തിലൂടെ സര്‍ക്കാര്‍ കശ്മീരിന് നല്‍കുന്ന പ്രത്യേക പരിഗണയാണ് വ്യക്തമാവുന്നത്. 

 

 

Trending News