ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടവുമായി ഹിന്ദുമഹാ സഭാ നേതാവ്

കേരളത്തില്‍ പ്രളയമുണ്ടായത് മുതല്‍ അത് ബീഫ് കഴിച്ച മലയാളികളുടെ തലയില്‍ വച്ചുകെട്ടാന്‍ ശ്രമിക്കുന്ന ഗോമാതാ സ്‌നേഹികളില്‍ അവസാനത്തെ ആളാണ്‌ ചക്രപാണി മഹാരാജ്. 

Last Updated : Aug 22, 2018, 06:06 PM IST
ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടവുമായി ഹിന്ദുമഹാ സഭാ നേതാവ്

പ്രളയ ദുരന്തത്തില്‍ നിന്നും കേരളം കരകയറുന്നതിനിടെ വിവാദ പരാമര്‍ശങ്ങളുമായി ഹിന്ദുമഹാ സഭാ നേതാവ് ചക്രപാണി മഹാരാജ്. കേരളത്തില്‍ പ്രളയമുണ്ടായത് മുതല്‍ അത് ബീഫ് കഴിച്ച മലയാളികളുടെ തലയില്‍ വച്ചുകെട്ടാന്‍ ശ്രമിക്കുന്ന ഗോമാതാ സ്‌നേഹികളില്‍ അവസാനത്തെ ആളാണ്‌ ചക്രപാണി മഹാരാജ്. 

കേരളത്തില്‍ പശുക്കളെ കൊല്ലുന്നത് കൊണ്ടാണ് പ്രളയമുണ്ടായതെന്നും അതുക്കൊണ്ട് തന്നെ പ്രളയത്തില്‍ അകപ്പെട്ടവരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നുമാണ് ചക്രപാണിയുടെ വാദം. 

താന്‍ കേരളത്തെ സഹായിക്കാന്‍ വേണ്ടി ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രകൃതിയെയും ജീവജാലങ്ങളെയും ബഹുമാനിക്കുന്നവരെ മാത്രം സഹായിച്ചാല്‍ മതിയെന്നാണ്  ചക്രപാണി പറയുന്നത്. 

കഴിക്കാന്‍ മറ്റ് ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടായിരിക്കുമ്പോഴാണ് കേരളത്തിലെ ജനങ്ങള്‍ പശുവിനെ കൊല്ലുകയും അതിന്‍റെ മാംസം കഴിക്കുകയും ചെയ്യുന്നതെന്നും അങ്ങനെ ഭൂമിയോട് പാപം ചെയ്തവര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണ് പ്രളയമെന്നും അദ്ദേഹം പറഞ്ഞു. 

മനഃപൂര്‍വം പശുമാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ക്ഷമിക്കരുത്. ചില ചീത്ത മനുഷ്യര്‍ മൂലം നിഷ്‌കളങ്കരായവരും അപകടത്തില്‍പ്പെട്ടു. ബീഫ് കഴിക്കുന്നവരെ സഹായിക്കണമെങ്കില്‍ ഇനി ഒരിക്കലും ബീഫ് കഴിക്കില്ലെന്ന് സത്യം ചെയ്യണം.- ചക്രപാണി ആവശ്യപ്പെടുന്നു. 

പ്രളയ ദുരന്തത്തില്‍ കേരളത്തിന്‍റെ കൈ പിടിക്കേണ്ടതിന് പകരം പ്രളയം കേരളം അര്‍ഹിക്കുന്നതാണെന്ന് ആരോപ്പിച്ച് ഹേറ്റ് ക്യാമ്പയിനുമായി നേരത്തേയും ചിലര്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലുള്ളവര്‍ ബീഫ് കഴിയ്ക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇവരെ രക്ഷിച്ചാല്‍ ബീഫ് ചോദിക്കുമെന്നായിരുന്നു ഗോസംരക്ഷകരുടെ വാദം. പ്രളയം കേരളം അര്‍ഹിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്.

ആദ്യഘട്ടത്തില്‍ ദേശീയ മാധ്യമങ്ങളും കേരളത്തിലെ അവസ്ഥയോട് മുഖം തിരിച്ചു. ബീഫ് നിരോധനത്തിനെതിരെ വ്യാപകമായി ബീഫ് ഫെസ്റ്റ് നടത്തിയതിനുള്ള ശിക്ഷയാണെന്നാണ് കേരളത്തിനെതിരെ വരുന്ന വിദ്വേഷ പോസ്റ്റുകള്‍.

 

 

Trending News