പാലിലലിഞ്ഞ് വിശപ്പകറ്റും ഗണപതി വിഗ്രഹം!!

പങ്കുവച്ച് ഒരു മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ 700 ലൈക്സും 80 റിട്വീറ്റ്സും ഈ പോസ്റ്റിന് ലഭിച്ചു. 

Last Updated : Sep 3, 2019, 12:02 PM IST
പാലിലലിഞ്ഞ് വിശപ്പകറ്റും ഗണപതി വിഗ്രഹം!!

ലുദിയാന: ഗണേഷ് ചതുർത്ഥി ആഘോഷങ്ങൾ സജീവമായി നടക്കുകയാണ്. ആഘോഷങ്ങളോടനുബന്ധിച്ച് തയാറാക്കുന്ന വിവിധ തര൦ ഗണേഷ വിഗ്രഹങ്ങളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. 

ചോക്ലേറ്റ് കൊണ്ട് തയാറാക്കിയ പരിസ്ഥിതി സൗഹൃദ ഗണപതി വിഗ്രഹമാണ് ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.  

ഹരീന്ദര്‍ സിംഗ് ഖുര്‍ഖേജ എന്നയാള്‍ ട്വിറ്ററില്‍ പങ്കുവച്ച ചോക്ലേറ്റ് ഗണപതി വിഗ്രഹമാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. 

20 ഷെഫുകള്‍ ചേര്‍ന്ന് 10  ദിവസം കൊണ്ടാണ് ചോക്ലേറ്റ് തയാറാക്കിയതെന്ന് ഹരീന്ദര്‍ തന്‍റെ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

100 കിലോയിലധികം ബെല്‍ജിയം ചോക്ലേറ്റ് ഉപയോഗിച്ചാണ് ഗണപതി വിഗ്രഹം തയാറാക്കിയിരിക്കുന്നത്. 

പങ്കുവച്ച് ഒരു മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് തന്നെ 700 ലൈക്സും 80 റിട്വീറ്റ്സും ഈ പോസ്റ്റിന് ലഭിച്ചു. നാല് വര്‍ഷമായി ചോക്ലേറ്റില്‍ ഗണപതി വിഗ്രഹം നിര്‍മ്മിക്കുന്നുണ്ടെന്നും ഹരീന്ദര്‍ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

 

 

എന്നാല്‍, മറ്റ് ഗണപതി വിഗ്രഹങ്ങളെ പോലെ വെള്ളത്തിലല്ല ഈ വിഗ്രഹം നിമജ്ജനം ചെയ്യുന്നത്.

പാലില്‍ നിമജ്ജനം ചെയ്ത ശേഷം അത് ചോക്ലേറ്റ് മില്‍ക്കാക്കി ലുദിയാനയിലെ ദരിദ്രരായ കുട്ടികള്‍ക്ക് വിതരണം ചെയ്യുകയാണ് പതിവ്.

മംഗലാപുരം സ്വദേശി നിതിന്‍ വജാ പേപ്പര്‍ പള്‍പ്പും വിത്തുകളും ഉപയോഗിച്ച് തയാറാക്കിയ ഗണേശ വിഗ്രഹ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയതിനു പിന്നാലെയാണ് മറ്റൊരു വിഗ്രഹം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. 

വിഷാംശം നിറഞ്ഞ ഉത്പന്നങ്ങളും പെയിന്‍റും അല്‍പം പോലും ഉപയോഗിക്കാതെയാണ് നിതിന്‍ ഗണേശ വിഗ്രഹങ്ങള്‍ തയാറാക്കിയത്. 

പച്ചക്കറി-പഴവര്‍ഗ വിത്തുകള്‍ ഉപയോഗിച്ച് തയാറാക്കിയ വിഗ്രഹങ്ങള്‍ എളുപ്പത്തില്‍ വെള്ളത്തില്‍ അലിഞ്ഞില്ലാതെയാകുന്നവയായിരുന്നു. 

കൂടാതെ, വെള്ളത്തില്‍ അലിഞ്ഞില്ലാതാകുന്ന ഈ വിഗ്രഹങ്ങള്‍ക്ക് പുതിയ സസ്യങ്ങളായി മാറാനാകുമെന്നും നിതിന്‍ വ്യക്തമാക്കിയിരുന്നു.

Trending News