'തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം' "മോദി പ്രചാരണചട്ട"മായി മാറി: രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

വിവിപാറ്റുകൾ എണ്ണുന്നത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനവുമായി കോൺഗ്രസ്.

Last Updated : May 22, 2019, 06:02 PM IST
'തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം' "മോദി പ്രചാരണചട്ട"മായി മാറി: രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വിവിപാറ്റുകൾ എണ്ണുന്നത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനവുമായി കോൺഗ്രസ്.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം, "മോദി പ്രചാരണ ചട്ട"മായി മാറിയതായി കോണ്‍ഗ്രസ്‌ നേതാവ് അഭിഷേക് മനു സിംഗ്‌വി ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പ് വരുത്തുവാന്‍ എന്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത് എന്ന് അദ്ദേഹം ചോദിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍, ബിജെപിയ്ക്ക് ഇലക്ട്രോണിക് വിക്ടറി യന്ത്രങ്ങളായി മാറിയതായും അദ്ദേഹം ആരോപിച്ചു. 

വിവിപാറ്റുകൾ എണ്ണുന്നത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിബന്ധനകള്‍ക്ക് അടിസ്ഥാനമെന്താണെന്നും അദ്ദേഹം ചോദിച്ചു. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് വിവിപാറ്റ് എണ്ണണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളിയതിന് കമ്മീഷൻ ഒരു കാരണവും പറയുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വിവിപാറ്റ് എണ്ണുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിന് എതിരെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കില്ല,  ജനങ്ങളുടെ കോടതി വിധി നാളെ വരുമെന്നും അവസാന നിമിഷം കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും കോണ്‍ഗ്രസ്‌ നേതാവ് അഭിഷേക് മനു സിംഗ്‌വി ഡല്‍ഹിയില്‍ പറഞ്ഞു. 

അതേസമയം, പ്രതിപക്ഷത്തിന് പരാജയഭീതിയാണെന്നും, വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് പരാതി പറയുന്നത് ജനങ്ങളിൽ വിശ്വാസമില്ലാത്തതിനാല്‍ ആണെന്നും ബിജെപി ആരോപിച്ചു. ഇവിഎം ഉപയോഗിച്ചു നടത്തിയ രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കാണാത്ത പരാതികളാണ് ഇപ്പോൾ ഉയരുന്നത് എന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു. 

 

Trending News