എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്താതിരിക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാര്‍: ഗുലാം നബി ആസാദ്

പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസിന് പ്രശ്‌നമില്ല, പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഫലപ്രഖ്യാപനത്തിനു മുമ്പ് പ്രഖ്യാപിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും പ്രസ്താവിച്ച് കോണ്‍ഗ്രസ്‌ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്.

Last Updated : May 16, 2019, 02:04 PM IST
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്താതിരിക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാര്‍: ഗുലാം നബി ആസാദ്

പറ്റ്ന: പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസിന് പ്രശ്‌നമില്ല, പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഫലപ്രഖ്യാപനത്തിനു മുമ്പ് പ്രഖ്യാപിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും പ്രസ്താവിച്ച് കോണ്‍ഗ്രസ്‌ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്.

എന്‍.ഡി.എയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്നതാണ് കോണ്‍ഗ്രസിന്‍റെ ഏറ്റവും വലിയ ലക്ഷ്യം. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്താതിരിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി വരുന്നതില്‍ എതിര്‍പ്പില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ സമവായത്തിലെത്തി കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനുള്ള അഭിപ്രായം ഉടലെടുത്താല്‍ മാത്രമേ കോണ്‍ഗ്രസ്‌ പ്രധാനമന്ത്രി സ്ഥാനത്തെപ്പറ്റി ആലോചിക്കൂ എന്നും ഗുലാം നബി ആസാദ് പറഞ്ഞു. പറ്റ്നയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്. 

‘നമ്മള്‍ അവസാന ഘട്ട തിരഞ്ഞെടുപ്പിലാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയതില്‍ നിന്നും എനിക്കു മനസിലായത് ബിജെപിയോ എന്‍ഡിഎയോ അധികാരത്തില്‍ തിരിച്ചെത്താന്‍ പോകുന്നില്ലയെന്നാണ്. നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയാകില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം എന്‍ഡിഎ ഇതര സര്‍ക്കാറായിരിക്കും കേന്ദ്രത്തിലുണ്ടാവുക,’ അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ യഥാര്‍ത്ഥ രൂപം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. 2014ല്‍ അധികാരത്തിലെത്തിയശേഷം അവര്‍ വിദ്വേഷം പടര്‍ത്തുകയും ഭിന്നിപ്പുണ്ടാക്കുകയുമാണ് ചെയ്തത്. മുതലാളിത്ത നയങ്ങളാണ് അവര്‍ പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തുനിന്നും ഒരു പ്രധാനമന്ത്രിയെ ചൂണ്ടിക്കാട്ടുവാന്‍ സാധിക്കുമോ? എന്ന് ബിജെപി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. അതിന് മറുപടിയായായിരുന്നു ഗുലാം നബി ആസാദിന്‍റെ ഈ പ്രതികരണം.

 

 

Trending News