ബാംഗളൂരു: ഇന്ത്യയില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് കോവിഡ്-19 വന്നത് ചൈനയില്‍
നിന്നല്ലെന്ന കണ്ടുപിടുത്തവുമായി ഒരു പറ്റ൦ ശാസ്ത്രജ്ഞര്‍...!!
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞരാണ് ഈ പഠനവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.
ഇന്ത്യയിൽ കോവിഡ് വ്യാപിച്ചതിന് കാരണമായ സാർസ് കോവ്–2 വൈറസ് വന്നത് ചൈനയിൽനിന്നല്ലെന്നാണ് ഈ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. യൂറോപ്പ്, മധ്യപൂർവേഷ്യ, ഓഷ്യാന, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഈ വൈറസ് എത്തിയതെന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്സി) ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത് ഇവിടങ്ങളില്‍ നിന്നായതാണ് കാരണം.
ഐഐഎസ്സിയിലെ മൈക്രോബയോളജി ആൻഡ് സെൽ ബയോളജി വിഭാഗത്തിലെ പ്രഫ. കുമാരവേൽ സോമസുന്ദരം, മയ്നക് മൊണ്ടാൽ, അൻകിത, ലവാർഡെ എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്.
ക്ലസ്റ്റർ എ വിഭാഗത്തിൽപ്പെടുന്ന വൈറസുകൾക്ക് ഓഷ്യാന, കുവൈത്ത്, ദക്ഷിണേഷ്യൻ സാംപിളുകളുമായാണ് സാമ്യം. ക്ലസ്റ്റർ ബി വിഭാഗത്തിൽപ്പെടുന്ന വൈറസ് യൂറോപ്യൻ സാംപിളുകളോട് സാമ്യം കാണിക്കുന്നുണ്ട്. ഇതോടെയാണ് ഇന്ത്യയിൽ പടർന്നുപിടിച്ച സാർസ് കോവ് –2 വൈറസ് എത്തിയത് ഈ രാജ്യങ്ങളിൽ നിന്നാണെന്ന് കണ്ടെത്തിയത്. ബാക്കിയുള്ളവ ചൈന, കിഴക്കൻ ഏഷ്യ മേഖലകളിൽ നിന്നുള്ളവയുമാണ്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കറന്റ് സയന്‍സ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ജീനോമിക്സ് ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ പഠനം. വൈറസിനെ വേര്‍തിരിച്ചെടുത്ത് ജീനോം സീക്വന്‍സുകള്‍ വിലയിരുത്തിയാണ് ഗവേഷകര്‍ ഇങ്ങനെയൊരു അനുമാനത്തിലെത്തിയത്. പരിശോധന നടത്തിയ 137 സാര്‍സ് കോവ് 2 വൈറസുകളില്‍ 129 എണ്ണത്തിനും മറ്റു രാജ്യങ്ങളില്‍ കണ്ടെത്തിയ വൈറസുമായി സാമ്യമുണ്ട്.
അതേസമയം, ഇന്ത്യയില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് ചൈനയില്‍നിന്ന് കേരളത്തിലേക്കു മടങ്ങിയെത്തിയ വിദ്യാര്‍ഥിക്കാണ്.