ഡല്‍ഹി തീപിടിത്തം: ഫാക്ടറി ഉടമയും മാനേജരും 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

ഡല്‍ഹിയിലെ അനാജ് മണ്ടിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 43 ജീവന്‍ നഷ്ടപ്പെട്ട കേസില്‍ ഫാക്ടറി ഉടമ റെഹാനേയും മാനേജർ ഫുർകാനേയും 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 

Sheeba George | Updated: Dec 9, 2019, 05:58 PM IST
ഡല്‍ഹി തീപിടിത്തം: ഫാക്ടറി ഉടമയും മാനേജരും 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അനാജ് മണ്ടിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 43 ജീവന്‍ നഷ്ടപ്പെട്ട കേസില്‍ ഫാക്ടറി ഉടമ റെഹാനേയും മാനേജർ ഫുർകാനേയും 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 

ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് ചോദ്യം ചെയ്യലിനായി ഇരുവരെയും 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവായത്. 

അതേസമയം, തീ പിടിത്തത്തെത്തുടര്‍ന്ന് ഒളിവില്‍പോയ ഫാക്ടറി ഉടമ റെഹാനെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാൾക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 304 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ, ദുരന്തമുണ്ടായ കെട്ടിടത്തിന് ഫയര്‍ ലൈസന്‍സില്ല എന്നും പോലീസ് കണ്ടെത്തിയിരുന്നു. 

അവശ്യ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് നിര്‍മാണശാല പ്രവര്‍ത്തിച്ചുവന്നത്. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയും സുരക്ഷാ സംവിധാനങ്ങളുടെ കുറവുമാണ് ഡല്‍ഹി റാണി ഝാന്‍സി റോഡിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തം ഗുരുതരമാക്കിയതെന്ന്‍ അഗ്നിശമന സേനാ വക്താവ് പറഞ്ഞിരുന്നു. 

അപകടമുണ്ടായ സ്ഥാപനത്തില്‍ അപായ അലാറമോ തീപിടിത്തം പോലുള്ള അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷപ്പെടുന്നതിനുള്ള സുരക്ഷാ മാര്‍ഗങ്ങളോ ഉണ്ടായിരുന്നില്ല. തീപിടിത്തമുണ്ടായ സമയത്ത് പലരും ഉറക്കത്തിലായിരുന്നതും അപകട വിവരം ലഭിക്കാന്‍ വൈകിയതും മരണസംഖ്യ ഉയരാന്‍ കാരണമായി.

അതേസമയം, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പോലീസ്. കൂടാതെ, ഫാക്ടറിയിലുണ്ടായിരുന്ന പേപ്പര്‍, പ്ലാസ്റ്റിക് പോലെയുള്ള വസ്തുക്കള്‍ തീപിടിത്തം വ്യാപിക്കാന്‍ കാരണമായി. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത് ഇടുങ്ങിയ പ്രദേശത്തായതിനാല്‍ പുക തങ്ങിനിന്നത് അപകടത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചു. പൊള്ളലേറ്റതിനേക്കാള്‍ ശ്വാസംമുട്ടിയുള്ള മരണമാണ് അധികമെന്നാണ് റിപ്പോര്‍ട്ട്.

തീപിടുത്തത്തില്‍ ഇതുവരെ 43 മരിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ 55 ല്‍ അധികം പേരെ രക്ഷപെടുത്തി. പൊള്ളലേറ്റവരെ സമീപത്തുള്ള ആര്‍.എം.എല്‍ ഹോസ്പിറ്റല്‍, ഹിന്ദു റാവു ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. 16 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.