ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്‍റെ കീഴില്‍ ഭരണഘടന സ്ഥാപനങ്ങൾ ഭീഷണി നേരിടുകയാണ് എന്നും ഇന്ത്യ ഒരു ജുഡിഷ്യല്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.
ന്യൂഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടന്ന 'ജന്‍ ആക്രോശ് റാലി'യില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. രാജ്യത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ ജനാധിപത്യത്തിന് ഒട്ടും ചേര്‍ന്നതല്ല. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തി അതിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുക, രാഹുല്‍ ഗാന്ധിയെ തന്‍റെ ദൗത്യ൦ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുക എന്നത് നമ്മുടെ കടമയാണ്, അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം കൊണ്ടുവരാൻ ആഗ്രഹിച്ച അവിശ്വാസപ്രമേയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അടിച്ചമർത്തി. ജനാധിപത്യം എന്നത് ഭരണഘടന നല്‍കിയിരിക്കുന്ന സമ്മാനമാണ്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്‍റെ പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താനും അദ്ദേഹം മറന്നില്ല. മോദി സര്‍ക്കാര്‍ നല്‍കിയ മനോഹര വാഗ്ദാനങ്ങള്‍ ഇതുവരെ നിറവേറ്റിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരാണ്, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനു കീഴില്‍ ഒത്തുചേര്‍ന്ന്, രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കാം, അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രവിപണിയില്‍ ഇന്ധനവില കുറയുമ്പോഴും ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ വില കുറയ്ക്കാന്‍ തയ്യാറാവുന്നില്ല എന്നദ്ദേഹം കുറ്റപ്പെടുത്തി.
മന്‍മോഹന്‍ സിംഗിനെ കൂടാതെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും റാലിയെ അഭിസംബോധന ചെയ്തു. മോദിയെയും ബി.ജെ.പി സര്‍ക്കാരിനെയും കടന്നാക്രമിക്കുന്ന പ്രസംഗമായിരുന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടേതും.
എന്‍ഡിഎ സര്‍ക്കാരിന്‍റെ ഭരണകാലത്ത് അഴിമതി രാജ്യമെങ്ങും വേരു പടര്‍ത്തിയിരിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. താന്‍ അഴിമതി നടത്തുകയുമില്ല, മറ്റുള്ളവരെക്കൊണ്ടു നടത്തിക്കുകയുമില്ല എന്ന മോദിയുടെ മുദ്രാവാക്യത്തിന് എന്തു സംഭവിച്ചെന്നും അവര്‍ ചോദിച്ചു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോണ്‍ഗ്രസ് പാര്‍ട്ടി തലസ്ഥാനത്ത് റാലി സംഘടിപ്പിച്ചത്. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തിരുന്നു.