ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഹൈന്ദവ കുട്ടികളെ പങ്കെടുപ്പിക്കരുത്: ഹിന്ദു ജാഗരണ്‍ മഞ്ച്

  

Last Updated : Dec 19, 2017, 11:17 AM IST
 ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഹൈന്ദവ കുട്ടികളെ  പങ്കെടുപ്പിക്കരുത്: ഹിന്ദു ജാഗരണ്‍ മഞ്ച്

ലക്‌നൗ: ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഹൈന്ദവ കുട്ടികളെ  പങ്കെടുപ്പിക്കരുതെന്ന് സംഘപരിവാര്‍ സംഘടനായായ ഹിന്ദു ജാഗരണ്‍ മഞ്ചിന്‍റെ മുന്നറിയിപ്പ്. ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്‌കൂളുകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്.  ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി കുട്ടികളില്‍ നിന്ന് പണം പിരിക്കരുതെന്നും ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഇത്തരത്തിലുള്ള ആഘോഷങ്ങളിലൂടെ  മതം പ്രചരിപ്പിക്കുന്നത് തടയുന്നതിനായാണ് ഈ മുന്നറിയിപ്പെന്നാണ് സംഘടനയുടെ വിശദീകരണം. മുന്നറിയിപ്പ് അവഗണിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ജാഗരണ്‍ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.  ക്രിസ്മസ് ആഘോഷിക്കുന്നതില്‍ എതിര്‍പ്പില്ല പക്ഷേ ഹിന്ദുക്കളില്‍ നിന്ന് നിര്‍ബന്ധിച്ച് പിരിവ് നടത്തരുതെന്നാണ് തങ്ങളുടെ ആവശ്യമെന്ന് അവര്‍ സ്‌കൂള്‍ മാനേജ്‌മെന്റിനേയും പ്രധാന അധ്യാപകരെയും വാക്കാലും കത്തിലൂടെയും അറിയിച്ചിട്ടുണ്ട്. ഇങ്ങനെ പരിപാടികള്‍ നടത്തുന്ന സ്‌കൂളുകളുടെ കണക്ക് തയാറാക്കാന്‍ ജില്ലാ യൂണിറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന അധ്യക്ഷന്‍ വിജയ് ബഹദൂര്‍ പറഞ്ഞു.  സ്‌കൂളുകളിലെ ഭൂരിഭാഗം കുട്ടികളും ഹിന്ദുക്കളാണെന്നും ഇവരില്‍ നിന്ന് പണം പിരിച്ച് മാനേജ്‌മെന്റ് കൊള്ള ലാഭം ഉണ്ടാക്കുകയാണെന്നും വിജയ് ബഹദൂര്‍ ആരോപിച്ചു.  അതേസമയം ഇത്തരത്തിലുള്ള ഭീഷണി ഉള്ളതായി തങ്ങള്‍ക്ക് അറിയില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതികരിച്ചു.

Trending News