Elephant death in Railway Tracks: ട്രാക്കുകളിൽ ആനകളുടെ ജീവൻപൊലിയുന്നത് അവസാനിക്കുമോ? തമിഴ്നാടിന്റെ പുതിയ നീക്കം

Elephant death in Railway Tracks: എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടാണ് തമിഴ്നാട് വനംവകുപ്പ് ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 22, 2024, 06:13 PM IST
  • നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ട്രാക്കിലെ ആനകളുടെ സാനിധ്യം മുൻകൂട്ടി അറിയുന്നതിനുള്ള സംവിധാനമാണ് വനംവകുപ്പ് റെയിൽവേയുമായി ചേർന്ന് ഒരുക്കുന്നത്
  • കേരള-തമിഴ്നാട് അതിർത്തിയിൽ തന്നെ സ്ഥിതി ചെയ്യുന്ന മധുക്കരൈയിലാണ് പുതിയ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്
  • തെർമൽ ലൈറ്റ് ഇമേജിങ്ങ്, വിസിബിൾ ലൈറ്റ് ഇമേജിങ്ങ് എന്നീ സംവിധാനങ്ങളുള്ള ടവർ ക്യാമറകൾ 24 മണിക്കൂറും ട്രാക്കിന് സമീപത്തുള്ള ചലനങ്ങൾ നിരീക്ഷിക്കും
Elephant death in Railway Tracks: ട്രാക്കുകളിൽ ആനകളുടെ ജീവൻപൊലിയുന്നത് അവസാനിക്കുമോ? തമിഴ്നാടിന്റെ പുതിയ നീക്കം
കേരള-തമിഴ്‌നാട് അതിർത്തിയിൽ ട്രെയിൻ തട്ടി ട്രാക്കുകളിൽ ആനകൾ ചരിഞ്ഞുവെന്ന വാർത്ത പലപ്പോഴും കേൾക്കാറുള്ളതാണ്. മനുഷ്യ-വന്യജീവി സംഘർഷം തുടർക്കഥയായ കാലത്ത് ആനകൾ ട്രെയിൻ തട്ടി ചരിയുന്ന വാർത്ത അടുത്തിടെയായി നമ്മളെ ഏറെ ഞെട്ടിക്കുന്നില്ലെന്നതാണ് സത്യം. എന്നാൽ ആവാസവ്യവസ്ഥയ്ക്ക് പല തരത്തിലുള്ള ഭീഷണികളും ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാക്കുന്നുവെന്ന കാര്യം ഓർക്കണം. ആനകൾ ഇങ്ങനെ ട്രാക്കിൽ ട്രെയിൻ തട്ടി അപകടപ്പെടുന്ന സംഭവങ്ങൾ എങ്ങനെ തടയാം എന്നത് ഏറെ നാളായി ഇന്ത്യൻ റെയിൽവേ പഠിക്കുന്ന വിഷയം കൂടിയാണ്. ട്രാക്കിലെ ആനകളുടെ സാനിധ്യം മുൻകൂട്ടി അറിയാതിരിക്കുന്നതിനാൽ അപകടങ്ങൾ കാര്യക്ഷമമായി ചെറുക്കാനും റെയിൽവേയ്ക്ക് സാധിക്കാറില്ല. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുകയാണ് തമിഴ്നാട് വനംവകുപ്പ്.
 
ആർട്ടിഫിഷൻ ഇന്റിലിജെൻസ് അഥവാ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ട്രാക്കിലെ ആനകളുടെ സാനിധ്യം മുൻകൂട്ടി അറിയുന്നതിനുള്ള സംവിധാനമാണ് വനംവകുപ്പ് റെയിൽവേയുമായി ചേർന്ന് ഒരുക്കുന്നത്. കേരള-തമിഴ്നാട് അതിർത്തിയിൽ തന്നെ സ്ഥിതി ചെയ്യുന്ന മധുക്കരൈയിലാണ് പുതിയ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. ചുറ്റും വനാതിർത്തികളുള്ള ഈ റെയിൽവേ ട്രാക്കിൽ ആനകൾ ട്രെയിൻ തട്ടി ചരിയുന്ന സംഭവങ്ങൾ കൂടുതലാണ്. 2021ൽ തമിഴ്നാട് ഹൈക്കോടതി പ്രശ്നം പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് മധുക്കരൈയിൽ 12 ടവറുകൾ സ്ഥാപിച്ച് ഇതിൽ എഐ സംവിധാനം ഉൾപ്പെടുത്തിയ ക്യമാറകൾ സ്ഥാപിച്ചിരിക്കുന്നത്. 
 
തെർമൽ ലൈറ്റ് ഇമേജിങ്ങ്, വിസിബിൾ ലൈറ്റ് ഇമേജിങ്ങ് എന്നീ സംവിധാനങ്ങളുള്ള ടവർ ക്യാമറകൾ 24 മണിക്കൂറും ട്രാക്കിന് സമീപത്തുകൂടിയുള്ള എല്ലാ ജീവികളുടെയും ചലനങ്ങൾ നിരീക്ഷിക്കും. ഇവ കൺട്രോൾ ടവറുകളിലേക്ക് കൈമാറുകയും ചെയ്യും. ട്രാക്കിന് നൂറടി അകലത്തിൽ ആനയെത്തിയാൽ തന്നെ വിവരങ്ങൾ ടവർ ക്യാമറകിലൂടെ കൺട്രോൾ റൂമുകളിലേക്ക് ലഭിക്കും. പിന്നീട് ഈ ആനയുടെ സഞ്ചാരം പൂർണ്ണമായും നിരീക്ഷിക്കുന്നതിനുള്ള ട്രാക്കിങ്ങ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആനയെത്തുമ്പോൾ തന്നെ റെയിൽവേ കേന്ദ്രത്തിലേക്ക് ഇതു സംബന്ധിച്ച സന്ദേശം കൈമാറപ്പെടും. ട്രാക്കിലുള്ള ട്രെയിനുകൾക്ക് ആനകൾ എവിടെക്കൂടിയാണ് സഞ്ചരിക്കുന്നതെന്ന വിവരം കൈമാറപ്പെടുന്നതിനാൽ തന്നെ ലോക്കോ പൈലറ്റുമാർ ജാഗ്രതയോടെ പ്രവർത്തിക്കും. ആനക്കൂട്ടങ്ങളാണ് ട്രാക്ക് മുറിച്ചു കടക്കുന്നതെങ്കിൽ ഇവ പോയ ശേഷം ട്രെയിനുകൾ നീങ്ങിതുടങ്ങും. തുടർച്ചയായി ഹോൺ മുഴക്കി നീങ്ങുന്ന എൻജിനുകളുടെ സമീപത്തേക്ക് ആനകൾ പൊതുവേ വരാറില്ലെന്നും ലോക്കോ പൈലറ്റുമാർ പറയുന്നു. സാധാരണ വളവുകളിലും ദൂരക്കാഴ്ച കുറവുള്ള ഇടങ്ങളിലും രാത്രിയിലുമാണ് ട്രെയിൻ ആനകളെ ഇടിക്കാറുള്ളത്.
 
അതിർത്തികളിൽ ഇന്ത്യൻ കരസേന ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാറുണ്ട്. നുഴഞ്ഞുകയറ്റം ഉൾപ്പെടെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതിന് സമാന്തരമായ സംവിധാനമാണ് തമിഴ്നാട് വനംവകുപ്പും ഏർപ്പെടുത്തിയിരിക്കുന്നത്. ട്രാക്കിന് സമീപത്തു കൂടി മനുഷ്യർ പോയാലും ഇനി ലോക്കോ പൈലറ്റുമാർക്ക് അറിയാൻ സാധിക്കും. ഇത്തരം അപകടങ്ങളും കുറയ്ക്കാൻ പുതിയ പദ്ധതി ഉപയോഗപ്രദമാകുമെന്ന് പദ്ധതിയുടെ പ്രോജക്ട് മാനേജർ ആഷിഷ് രാജ്‌പുത് പറയുന്നു.
 
ദൃശ്യങ്ങൾ മോണിറ്റർ ചെയ്യുന്ന കേന്ദ്രത്തിൽ നാലു പേർ എപ്പോഴും ഉണ്ടാകും. അപകടകരമായ രീതിയിൽ ജീവികൾ ട്രാക്കിനോട് അടുക്കുമ്പോൾ തന്നെ ക്യാമറകളിലെ ഇൻപുട്ടിൽ വിവരം തെളിയും. ഗജ്‌രാജ് എന്ന പേരിൽ കഴിഞ്ഞ ഡിസംബർ മാസത്തിൽ തന്നെ എഐ അടിസ്ഥാനമാക്കിയുള്ള സംവിധാനം ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. കോയമ്പത്തൂർ, ധർമ്മപുരി, ഹൊസൂർ, ഗൂഢല്ലൂർ എന്നീ മേഖലകളിലാണ് ഇനി പദ്ധതി നടപ്പിലാക്കുക. സമാന സംവിധാനം ആഫ്രിക്കൻ രാജ്യങ്ങളായ ഗബോൺ, കെനിയ, ബോട്‌സ്വാന എന്നിവിടങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ പദ്ധതി നടപ്പിലാകുന്നതോടെ ആനകളുടെ മാത്രമല്ല, മനുഷ്യരുടെയും ജീവൻ ട്രാക്കുകളിൽ പൊലിയില്ലെന്ന് പ്രതീക്ഷിക്കാം.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News