പാലില്‍ സ്വര്‍ണമുണ്ടെന്ന് ബിജെപി; പശുവിനെ പണയം വെക്കാന്‍ കര്‍ഷകന്‍!!

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം കലര്‍ന്നിട്ടുള്ളത് കൊണ്ടാണ് പാലിന് മഞ്ഞ നിറമുള്ളതെന്നായിരുന്നു വാദം. 

Last Updated : Nov 7, 2019, 05:53 PM IST
പാലില്‍ സ്വര്‍ണമുണ്ടെന്ന് ബിജെപി; പശുവിനെ പണയം വെക്കാന്‍ കര്‍ഷകന്‍!!

കല്‍ക്കത്ത: നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന പ്രസ്താവനയുമായി പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്‍റ് ദിലീപ് ഘോഷ് രംഗത്തെത്തിയത് വന്‍ ചര്‍ച്ചയായിരുന്നു. 

പശ്ചിമ ബംഗാളിലെ ബര്‍ദ്ദനില്‍ നടന്ന ഗോപ അഷ്ടമി ചടങ്ങില്‍ സംസാരിക്കുകവെയാണ് ദിലീപ് ഘോഷ് വിവാദ പ്രസ്താവന നടത്തിയത്. 

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം കലര്‍ന്നിട്ടുള്ളത് കൊണ്ടാണ് പാലിന് മഞ്ഞ നിറമുള്ളതെന്നായിരുന്നു ഘോഷിന്‍റെ വാദം. 

ഘോഷിന്‍റെ ഈ പ്രസ്താവനയില്‍ ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ബാങ്കുകളും ഫിനാന്‍സ് സ്ഥാപനങ്ങളും. 

ഒരു കര്‍ഷകന്‍ തന്‍റെ പശുവുമായി പശ്ചിമ ബംഗാളിലെ മണപ്പുറം ഫിനാന്‍സിന്‍റെ ബ്രാഞ്ചിലെത്തിയതാണ് ഇങ്ങനെ പറയാന്‍ കാരണം. 

പാലില്‍ സ്വര്‍ണമുള്ളതുകൊണ്ട് സ്വര്‍ണ വായ്പ ലഭിക്കുമെന്നായിരുന്നു ഇയാളുടെ പ്രതീക്ഷ.

ഗരൽഗച്ച ഗ്രാമപഞ്ചായത്ത് പ്രധാൻ മനോജ് സി൦ഗിന്‍റെ വീട്ടിലെത്തുന്ന ക്ഷീര കര്‍ഷകര്‍ക്ക് അറിയേണ്ടത് തങ്ങളുടെ പശുക്കളെ പണയം വെച്ചാല്‍ എത്ര രൂപ വായ്പ കിട്ടുമെന്നാണ്. 

ഇതോടെ ദിലീപ് ഘോഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനോജും രംഗത്തുവന്നു. 
ഇതുപോലെയുള്ള വിചിത്ര പ്രസ്താവനയിലൂടെ ദിലീപ് ഘോഷ് സൃഷ്ടിച്ച ഈ സാഹചര്യത്തിനും പശുവിന്‍ പാലിൽ സ്വർണമുണ്ടെന്ന് അവകാശപ്പെട്ടതിനും അയാള്‍ക്ക് നൊബേൽ സമ്മാനം കൊടുക്കണമെന്നാണ് മനോജ് പരിഹസിക്കുന്നത്.

Trending News