ഡല്‍ഹി സംഘര്‍ഷം: കപില്‍ മിശ്രക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗൗതം ഗംഭീര്‍

ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ BJP രണ്ട് തട്ടില്‍... കലാപത്തിനാഹ്വനം ചെയ്ത പാര്‍ട്ടി നേതാവ് പില്‍ മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗൗതം ഗംഭീര്‍ എം.പി രംഗത്ത്‌...!!

Last Updated : Feb 25, 2020, 02:34 PM IST
ഡല്‍ഹി സംഘര്‍ഷം: കപില്‍ മിശ്രക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ BJP രണ്ട് തട്ടില്‍... കലാപത്തിനാഹ്വനം ചെയ്ത പാര്‍ട്ടി നേതാവ് പില്‍ മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗൗതം ഗംഭീര്‍ എം.പി രംഗത്ത്‌...!!

പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ആരും നടത്തിയാലും അത് കപില്‍ മിശ്രയായാലും കര്‍ശന നടപടിയെടുക്കണമെന്ന്‌ ഗംഭീര്‍ ആവശ്യപ്പെട്ടു.  

"വ്യക്തി ആരാണെന്ന് പ്രശ്‌നമല്ല, അത് കപില്‍ മിശ്ര ആണെങ്കിലും മറ്റാരാണെങ്കിലും. ഏത് പാര്‍ട്ടിയില്‍പ്പെട്ട ആളാണെങ്കിലും പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കണം' ഗംഭീര്‍ പറഞ്ഞു.

പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ ഡല്‍ഹി പോലീസിന് കപില്‍ മിശ്ര ഞായറാഴ്ച അന്ത്യശാസനം നല്‍കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ റോഡ് തടഞ്ഞ് പ്രതിഷേധക്കുന്നവരെ മൂന്ന് ദിവസത്തിനകം പോലിസ് നീക്കം ചെയ്യണമെന്നും മറ്റൊരു ഷാഹീന്‍ ബാഗ് അനുവദിക്കില്ലെന്നും ബിജെപി നേതാവ് കപില്‍ മിശ്ര പറഞ്ഞു.

പൗരത്വ പ്രതിഷേധം നടക്കുന്ന ജാഫ്രാബാദിലെയും ചാന്ദ് ബാഗിലെയും റോഡുകള്‍ എത്രയും പെട്ടെന്ന് പോലീസ് ഒഴിപ്പിച്ചിട്ടില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്നു മിശ്രയുടെ മുന്നറിയിപ്പ്. "ഡല്‍ഹി പോലീസിന് ഞാന്‍ മൂന്ന് ദിവസം നല്‍കാം. ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിച്ചിട്ടില്ലെങ്കില്‍ ഞങ്ങള്‍ തന്നെ അവരെ ഒഴിപ്പിക്കു൦", മിശ്ര പറഞ്ഞിരുന്നു.

മൂന്ന് ദിവസം കഴിഞ്ഞാല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്ന് പോവും, ആ സമയത്ത് ഞങ്ങളോട് അനുനയ നീക്കവുമായി ഡല്‍ഹി പോലീസ് വരേണ്ട. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ലെന്നും കപില്‍ മിശ്ര പറഞ്ഞിരുന്നു.

ഷഹീന്‍ബാഗ് മാതൃകയില്‍ ജാഫ്രാബാദില്‍ പൗരത്വനിയമഭേദഗതിക്കെതിരേ ശനിയാഴ്ച രാത്രിയാണ് സ്ത്രീകളുടെ പ്രതിഷേധം ആരംഭിച്ചത്. പൗരത്വ നിയമത്തിനെതിരെ ജാഫ്രാബാദ് മെട്രോ സ്‌റ്റേഷനില്‍ 500ലധികം പേര്‍ കഴിഞ്ഞ ദിവസം പ്രതിഷേധത്തിനായി അണിനിരന്നിരുന്നു.

ഇവിടെയുള്ള പ്രധാന റോഡ് പ്രതിഷേധക്കാര്‍ ഉപരോധിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കപില്‍ ഈ പ്രദേശത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മൗജ്പൂരില്‍ എത്തി. ഞായറാഴ്ച വൈകീട്ടോടെ ഭേദഗതിയെ അനുകൂലിച്ച്‌ കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ മോജ്പുരില്‍ പ്രകടനം നടന്നു. ഇതേത്തുടര്‍ന്ന് ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ കല്ലേറുണ്ടായി. ഇതാണ് പിന്നീട് വന്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

Trending News