ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

"ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്" എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 

Last Updated : Jun 28, 2019, 12:55 PM IST
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: "ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്" എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 

പൊതുവിതരണ സംവിധാനം വഴിയുള്ള റേഷന്‍ രാജ്യത്തിന്‍റെ ഏത് ഭാഗത്തും ലഭ്യമാക്കുന്നതിനും, രാജ്യത്തെ വിവിധ കുടിയേറ്റ തൊഴിലാളികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും പദ്ധതിയുടെ ഫലം ലഭ്യമാക്കുന്നതും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.

സ്ഥലം മാറിപോകുന്ന ദരിദ്രരായ തൊഴിലാളികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരമുള്ള സബ്‌സിഡി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ, റേഷന്‍ കടകള്‍ കൂടുതല്‍ സജീവമാക്കുന്നതിനും ഈ പദ്ധതി ഉപകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

"ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്" പദ്ധതി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച ഭക്ഷ്യ സുരക്ഷാ വകുപ്പ് സെക്രട്ടറിമാര്‍, മറ്റ് സംസ്ഥാന ഉദ്യോഗസ്ഥര്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കേന്ദ്ര വെയര്‍ഹൗസി൦ഗ് കോര്‍പ്പറേഷന്‍, സംസ്ഥാന വെയര്‍ഹൗസി൦ഗ് കോര്‍പ്പറേഷന്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പാവപ്പെട്ടവര്‍ക്കും ആശ്വാസമേകുന്ന പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത് എന്ന് ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്ര മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി എല്ലാ പൊതുവിതരണ കേന്ദ്രങ്ങളിലും പിഒസ് (പോയിന്‍റ് ഓഫ് സെയില്‍) യന്ത്രങ്ങള്‍ സ്ഥാപിക്കും. ഇതിലൂടെ വിവിധ സംസ്ഥാനങ്ങളില്‍ ഒന്നലധികം റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് തടയാന്‍ സാധിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

 

Trending News