മഹാരാഷ്ട്രയില്‍ കനത്ത മഴ; മതില്‍ ഇടിഞ്ഞ് 22 പേര്‍ മരിച്ചു

മണ്‍സൂണ്‍ എത്തി, കനത്ത മഴയുടെ പിടിയില്‍ മഹാരാഷ്ട്ര!! കനത്ത മഴയെ തുടര്‍ന്ന് ഇന്ന് മുംബൈയില്‍ പൊതു അവധി!! പത്തു വര്‍ഷത്തിനിടെ മുംബൈയിലുണ്ടായ ഏറ്റവും വലിയ മഴ!! ഇതുവരെ 40 പേര്‍ക്ക് ജീവഹാനി!!

Last Updated : Jul 2, 2019, 10:18 AM IST
മഹാരാഷ്ട്രയില്‍ കനത്ത മഴ; മതില്‍ ഇടിഞ്ഞ് 22 പേര്‍ മരിച്ചു

മുംബൈ: മണ്‍സൂണ്‍ എത്തി, കനത്ത മഴയുടെ പിടിയില്‍ മഹാരാഷ്ട്ര!! കനത്ത മഴയെ തുടര്‍ന്ന് ഇന്ന് മുംബൈയില്‍ പൊതു അവധി!! പത്തു വര്‍ഷത്തിനിടെ മുംബൈയിലുണ്ടായ ഏറ്റവും വലിയ മഴ!! ഇതുവരെ 40 പേര്‍ക്ക് ജീവഹാനി!!

മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കണ്‍, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലേക്കുള്ള റെയില്‍, വ്യോമഗതാഗതങ്ങള്‍ താറുമാറായിരിക്കുകയാണ്.  നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇതിനോടകം വെള്ളത്തിനടിയിലാണ്.

കനത്ത മഴയ്ക്കിടെ ലാൻഡി൦ഗിന് ശ്രമിച്ച ഒരു സ്പൈസ്ജെറ്റ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ പ്രധാന റൺവേയും അടച്ചു. റൺവേയുടെ അറ്റത്ത് വിമാനം ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. രണ്ടാം റൺവേ പ്രവര്‍ത്തനക്ഷമമാണെങ്കിലും വിമാനങ്ങള്‍ വൈകുമെന്നാണ് സൂചന. 54 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു.  

കനത്ത മഴ മഹാരാഷ്ട്രയിൽ വന്‍ ദുരന്തമാണ് സൃഷ്ടിക്കുന്നത്. മഴ മൂലം വിവിധയിടങ്ങളില്‍ മതില്‍ ഇടിഞ്ഞ് 22 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട്. പൂനെയില്‍ ഒരു കോളേജിന്‍റെ ചുറ്റുമതില്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ 6 പേര്‍ മരിച്ചു. മലാഡിലും കല്ല്യാണിലും മതില്‍ ഇടിഞ്ഞുവീണ് 15 പേര്‍ മരിച്ചു. നിരവധി പേര്‍ ഇപ്പോഴും മതിലിന് അടിയില്‍ കുടുങ്ങി കിടക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

കനത്ത മഴയെതുടര്‍ന്ന് കര്‍ശന സുരക്ഷ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മിതി നദി കവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ കുർലയിലെ ക്രാന്തി നഗറിൽ നിന്ന് 1000 ആളുകളെ ഒഴിപ്പിച്ചു

വരും ദിവസങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ ആളുകള്‍ വീടുകള്‍ക്കുള്ളിൽ കഴിയണമെന്നും അടിയന്തര ഘട്ടങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു. 

മഴ തുടരുന്ന സാഹചര്യത്തിൽ കോളേജ് പരീക്ഷകൾ മാറ്റിവെച്ചു. ഇന്ന് നടക്കാനിരിക്കുന്ന പരീക്ഷകളെക്കുറിച്ച് വിദ്യാർത്ഥികൾ ആകുലപ്പെടേണ്ടതില്ലെന്നും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായും ഉന്നത വിദ്യാഭ്യാസ മന്ത്രി വിനോദ് താവദെ അറിയിച്ചു.

കനത്ത മഴ തുടരുമെന്നും ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ബുധനാഴ്ചയോടെ മഴ കുറയുമെങ്കിലും മൂന്ന് ദിവസം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ജൂലൈ 3 മുതൽ 5 വരെയുള്ള തീയതികളിൽ മുംബൈയിൽ പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രതിദിനം 200 മില്ലി മീറ്ററിലധികം മഴയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. 

Trending News