ലഖ്നൗ: അയോധ്യയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു.
ഭൂമി പൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ രാവിലെ 8 മണിക്ക് ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12:30 നും 12:40 നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തിലാണ് ശിലാസ്ഥാപന൦ നിര്‍വ്വഹിച്ചത്.
ശ്രീരാമന്‍റെ പേര് പോലെ അയോധ്യയിൽ പണിയുന്ന ഈ മഹത്തായ രാമക്ഷേത്രം ഇന്ത്യൻ സംസ്കാരത്തിന്‍റെ സമ്പന്നമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഇത് നിത്യത വരെ മുഴുവൻ മനുഷ്യരാശിക്കും പ്രചോദനമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അയോധ്യയില്‍ ചരിത്രം കുറിക്കുകയല്ല, ആവര്‍ത്തിക്കുകയാണ് ചെയ്തത്, ഇത് തികച്ചും വൈകാരിക നിമിഷമാണ് പ്രധാനമന്ത്രി പറഞ്ഞു.
ലോകമെമ്പാടും ഇന്ന് ‘ജയ് സീതാറാം’ വിളികള്‍ മുഴങ്ങുകയാണ്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമിട്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ എല്ലാ പൗരന്‍മാരെയും ലോകമെമ്പാടുമുള്ള ഭാരതീയരെയും രാമഭക്തരെയും ഞാന്‍ ഈ നിമിഷത്തില്‍ എന്‍റെ സന്തോഷം അറിയിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒരു ടെന്റില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന രാം ലല്ലയ്ക്കായി ഒരു മഹാക്ഷേത്രമാണ് ഒരുങ്ങുന്നത്. നൂറ്റാണ്ടുകളായുള്ള ആഗ്രഹമാണ് സഫലമാകുന്നത്. ചരിത്രപരമായ ഈ മുഹൂര്‍ത്തത്തിലേക്ക് എന്നെ ക്ഷണിച്ചത് ഭാഗ്യമായി കരുതുന്നു. കന്യാകുമാരി മുതല്‍ കാശിര്‍ഭവാനി വരെ, കോടേശ്വര്‍ മുതല്‍ കാമാഖ്യ വരെ, ജഗന്നാഥ് മുതല്‍ കേദാര്‍നാഥ് വരെ, സോംനാഥ് മുതല്‍ കാശി വിശ്വനാഥ് വരെയുള്ള ഈ രാജ്യം മുഴുവന്‍ ഇന്നേ ദിവസം രാമനില്‍ ലയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ വികാരത്തിന്റെയും കോടിക്കണക്കിന് ജനങ്ങളുടെ പരിശ്രമങ്ങളുടെയും ബിംബമായി രാമക്ഷേത്രം നിലകൊള്ളും. ഇത് വരും തലമുറക്ക് പ്രചോദനം നല്‍കും. രാമക്ഷേത്ര നിര്‍മ്മാണം ചരിത്രം കുറിക്കുകയല്ല, ചരിത്രം ആവര്‍ത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജയ് സീതാറാം വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രഭാഷണം ആരംഭിച്ചത്. ഈ മന്ത്രം അയോദ്ധ്യയില്‍ മാത്രമല്ല ലോകമെമ്പാടും മുഴങ്ങുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.