ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി പ്രസിഡന്റുമായ അമിത് ഷാ സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
അഭിമുഖത്തില്‍ സെക്ഷന്‍ 370, കശ്മീർ താഴ്‌വരയിലെ സ്ഥിതി, മഹാരാഷ്ട്ര-ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്, എൻആർസി, രാം മന്ദിര്‍ ചിദംബരം, പിഎംസി ബാങ്ക് അഴിമതി എന്നിങ്ങനെ നിരവധി വിഷയങ്ങളെക്കുറിച്ച് അമിത് ഷാ തുറന്നു സംസാരിച്ചു.
അഭിമുഖത്തില്‍ കശ്മീരിലെ സ്ഥിതിഗതികള്‍ 100% സാധാരണമാണെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിൽ ഇപ്പോള്‍ കർഫ്യൂ ഇല്ലെന്നും ആറ് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ മാത്രമാണ് 144 ഏർപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല ലാൻഡ്‌ലൈനുകളും മൊബൈൽ ഫോണുകളും ജമ്മു കശ്മീരിൽ ഇപ്പോള്‍ പ്രവർത്തിക്കുന്നുവെന്നും. റോഡുകളിൽ ഗതാഗതമുണ്ടെന്നും വിപണികള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എങ്കിലും മേഖലയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ പാക്കിസ്ഥാന് ആഗ്രഹമുള്ളതിനാല്‍ സുരക്ഷാ സേനയും സർക്കാരും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു.
കശ്മീർ താഴ്‌വരയിൽ ക്രമസമാധാന പാലനത്തിനായിട്ടാണ് മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലിൽ വെച്ചിരിക്കുന്നതെന്നും സ്ഥിതിഗതികള്‍ ശാന്തമായാല്‍ അവരുടെ വീട്ടുതടങ്കല്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലും ഹരിയാനയിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അമിത് ഷാ പറഞ്ഞത് ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് മാത്രമല്ല പാര്‍ട്ടി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേവേന്ദ്ര ഫഡ്‌നാവിസും മനോഹർ ലാൽ ഖട്ടറും യഥാക്രമം മഹാരാഷ്ട്ര, ഹരിയാന മുഖ്യമന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചതെന്നും അതുകൊണ്ടുതന്നെ ജനങ്ങൾ അവർക്ക് അനുകൂലമായിതന്നെ വോട്ട് ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.
മാത്രമല്ല നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വിജയിച്ചാൽ ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തുടരുമെന്നും ഷാ പറഞ്ഞു.
അഴിമതി രഹിത സർക്കാരിനെ ഉണ്ടാക്കിയെടുത്ത ഫഡ്‌നാവിസിനെയും ഖട്ടറിനെയും പ്രശംസിച്ച അമിത് ഷാ ഈ രണ്ട് സംസ്ഥാനങ്ങളുടെയും വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ടെന്നും പറഞ്ഞു.
മാത്രമല്ല ഫഡ്‌നാവിസിന്‍റെ നേതൃത്വത്തിൽ നഷ്ടപ്പെട്ട പ്രതാപം മഹാരാഷ്ട്ര വീണ്ടെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലിൽ നിന്നും എന്തെങ്കിലും പ്രചോദനം താങ്കള്‍ ഉൾക്കൊണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് തനിക്ക് മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെ ദശലക്ഷക്കണക്കിനുള്ള ജനങ്ങളും പട്ടേലിൽ നിന്നും പ്രചോദനമുള്‍ക്കൊണ്ടിട്ടുണ്ടെന്നാണ് അമിത് ഷാ ഉത്തരം നല്‍കിയത്.
ഇന്ത്യയിലുടനീളമുള്ള പൗരന്മാർക്കായുള്ള ദേശീയ രജിസ്റ്റർ നടപ്പാക്കാൻ കേന്ദ്രത്തിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അഭിമുഖത്തിനിടയില്‍ അമിത് ഷാ പറഞ്ഞു. മാത്രമല്ല അസമിലെ എൻആർസിയിലെ പഴുതുകൾ സർക്കാർ പഠിക്കുന്നുണ്ടെന്നും ഇത് രാജ്യത്തുടനീളം നടപ്പാക്കുന്നതിന് മുമ്പ് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിനിടയില്‍ ഷാ പറഞ്ഞ മറ്റൊരു കാര്യം കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെക്കുറിച്ചാണ്. രാഷ്ട്രീയകാര്യങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി താന്‍ അദ്ദേഹത്തെ ജയിലിലേക്ക് അയച്ചിട്ടില്ലയെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലല്ല സിബിഐയും ഇഡിയും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പഞ്ചാബ്-മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിയെക്കുറിച്ചും അമിത് ഷാ അഭിമുഖത്തില്‍ പറഞ്ഞു. ബാങ്ക് ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സർക്കാരിന് അറിയാമെന്നും അവര്‍ക്ക് എത്രയും വേഗം പണം തിരികെ ലഭിക്കുമെന്ന്‍ കേന്ദ്രം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിഫോം സിവിൽ കോഡിനെക്കുറിച്ചുള്ള ചോദ്യത്തിന് രാജ്യത്തെ ജനങ്ങളുമായി ചർച്ച നടത്തിയതിനുശേഷം അത് നടപ്പാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ലോകം മുഴുവൻ അഭിമുഖീകരിക്കുന്ന പ്രശ്നമാണ് സാമ്പത്തിക മാന്ദ്യമെന്നും എങ്കിലും സമ്പദ്‌വ്യവസ്ഥയെ ഉയര്‍ത്തികൊണ്ടുവരുന്നതിനായി ധനമന്ത്രി നിർമ്മല സീതാരാമൻ ബന്ധപ്പെട്ടവരുമായി പതിവായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല സമ്പദ്‌വ്യവസ്ഥയെ ഉയർത്തുന്നതിനായി കഴിഞ്ഞ ഏതാനും ആഴ്ചകളായി അഞ്ച് പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടുത്ത രണ്ട്-മൂന്ന് മാസത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥ ഉയരത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.