ഐഎന്‍എസ് ഖണ്ഡേരി നാളെ രാജ്യത്തിന്‌ സമര്‍പ്പിക്കും

നാളെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ ഐഎന്‍എസ് ഖണ്ഡേരി രാജ്യത്തിന്‌ സമര്‍പ്പിക്കും. ഇതിനെ 'സൈലന്റ് കില്ലര്‍' എന്നും വിളിക്കാം.   

Last Updated : Sep 27, 2019, 04:36 PM IST
ഐഎന്‍എസ് ഖണ്ഡേരി നാളെ രാജ്യത്തിന്‌ സമര്‍പ്പിക്കും

ഇന്ത്യന്‍ അതിര്‍ത്തികളുടെ സുരക്ഷാ ഭീഷണി വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ സംവിധാനത്തിനെ ഒന്നുകൂടി ശക്തമാക്കാന്‍ വേണ്ടി പുതുതായി നിര്‍മ്മിച്ച ഐഎന്‍എസ് ഖണ്ഡേരി അന്തര്‍വാഹിനി കപ്പല്‍ നാവികസേനയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നു.

നാളെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ ഐഎന്‍എസ് ഖണ്ഡേരി രാജ്യത്തിന്‌ സമര്‍പ്പിക്കും. ഇതിനെ 'സൈലന്റ് കില്ലര്‍' എന്നും വിളിക്കാം. 

ഛത്രപതി ശിവജിയുടെ മറാത്താ സാമ്രാജ്യത്തിന്‍റെ ദ്വീപ്‌ കോട്ടകളായിരുന്ന ഖണ്ഡേരിയുടെ പേരാണ് അന്തര്‍വാഹിനിയ്ക്കും നല്‍കിയിരിക്കുന്നത്.  

കാല്‍വരി ക്ലാസിലെ രണ്ടാമത്തെ മുങ്ങിക്കപ്പലാണ് ഐഎന്‍എസ് ഖണ്ഡേരി അന്തര്‍വാഹിനി. ഈ അന്തര്‍വാഹിനിയ്ക്ക് കടലിനടിയില്‍ ശക്തമായ ആക്രമണം നടത്താന്‍ കഴിയും മാത്രമല്ല ഈ അന്തര്‍വാഹിനിയെ ശത്രുക്കള്‍ക്ക് പെട്ടെന്ന് കണ്ടെത്താനാവില്ല എന്ന പ്രത്യേകത കൂടിയുണ്ട്.

വെള്ളത്തിന്‍റെ അടിയിലും മുകളിലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി ഈ അന്തര്‍വാഹിനിക്കുണ്ട്. മാത്രമല്ല ശത്രുവിന്‍റെ അന്തര്‍വാഹിനികളെ തകര്‍ക്കുവാനും അവയിലെ രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഇതിന് കഴിയും.

ഇതോടൊപ്പം മൈനുകള്‍ നിക്ഷേപിക്കാനും, നിരീക്ഷണം നടത്തുന്നതിനും വ്യോമസേനയ്ക്ക് സഹായമാകും. നിരവധി സവിശേഷതകളുള്ള ഈ അന്തര്‍വാഹിനി രാജ്യത്തെ ഏറ്റവും മികച്ചതും നൂതനവുമായ അന്തര്‍വാഹിനികളില്‍ ഒന്നായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മോട്ടോര്‍ കാരണം കപ്പലിനുള്ളില്‍ നിന്നും ഒരു ശബ്ദവും പുറത്തുവരില്ല. അതുകൊണ്ടുതന്നെ ശത്രുക്കള്‍ക്ക്‌ പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇതിനെ 'സൈലന്റ് കില്ലര്‍' എന്ന് പറയുന്നത്.  

നാവികസേനയ്ക്കായി ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസാണ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്.

Trending News