ഇന്ന് നിര്‍മ്മല സീതാരാമന്‍റെ അവസാന ബജറ്റ്?

നാളെ നടക്കുന്ന ബജറ്റ് അവതരണത്തിനു ശേഷം ധനമന്ത്രി നിർമല സീതാരാമൻ സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ട്. 

Last Updated : Feb 1, 2020, 01:58 AM IST
ഇന്ന് നിര്‍മ്മല സീതാരാമന്‍റെ അവസാന ബജറ്റ്?

ന്യൂഡൽഹി: നാളെ നടക്കുന്ന ബജറ്റ് അവതരണത്തിനു ശേഷം ധനമന്ത്രി നിർമല സീതാരാമൻ സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ട്. 

ബ്രിക്സ് ബാങ്ക് ചെയർമാൻ കെ വി കാമത്ത് പുതിയ ധനമന്ത്രിയായി ചുമതലയേൽക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിർമല സീതാരാമന്‍റെ കീഴിൽ സമ്പദ് വ്യവസ്ഥക്കുണ്ടായ തകർച്ചയിൽ കേന്ദ്രം സന്തുഷ്ടരല്ലെന്നാണ് വിലയിരുത്തൽ. 

സാമ്പത്തിക തകർച്ചയുടെ ഉത്തരവാദിത്തം നിർമലയ്ക്കും സഹ മന്ത്രി അനുരാഗ് താക്കൂറിനും ആണെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഇരുവരെയും മാറ്റി മുഖം രക്ഷിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. 

ഐസിഐസിഐ ബാങ്കിൻ്റെ നോൺ എക്സിക്യൂട്ടിവ് ചെയർമാൻ, ഇൻഫോസിസ് ചെയർമാൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള കാമത്ത് പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം സർവകലാശാലയിലെ ഗവർണർ ബോർഡിലെ അംഗം കൂടിയാണ്.

സാമ്പത്തിക വിദഗ്ധനായ കെ വി കാമത്ത് ധനകാര്യസഹമന്ത്രിയായാല്‍ മോദി കാബിനറ്റിൽ എത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത  ആദ്യ മന്ത്രിയായിരിക്കും അദ്ദേഹം. 

അതേസമയം, 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ തന്നെയാകും അവതരിപ്പിക്കുക. അതിൽ വളർച്ച തിരിച്ചുപിടിക്കുവാൻ വേണ്ടിയുള്ള നടപടികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി ഒന്ന് ശനിയാഴ്ചയാണ് ബജറ്റ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പതിറ്റാണ്ടുകള്‍ക്കിടെയുള്ള ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് മോദി സര്‍ക്കാറിന്റെ പുതിയ ബജറ്റ് വരുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിനായിരുന്നു ഇതിനു മുമ്പുള്ള നിര്‍മലയുടെ ബജറ്റ്. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഫലപ്രദമായ വഴികളില്ല എന്ന് വ്യാപകമായ വിമര്‍ശനമുണ്ടായിരുന്നു. 

മാന്ദ്യം നേരിടാനായി ജൂലൈക്ക് ശേഷം പല തവണ മിനി ബജറ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രഖ്യാപനങ്ങള്‍ നിര്‍മല നടത്തിയിരുന്നു. വളര്‍ച്ച ലക്ഷ്യമിട്ട് നടത്തിയ ഈ പ്രഖ്യാപനങ്ങള്‍ ഫലപ്രദമായില്ലെന്ന സൂചനയാണ് വിപണിയില്‍ നിന്നുള്ളത്.

 ഈ സാഹചര്യത്തിലാണ് മന്ത്രിയെ നീക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. നേരത്തെ, ബജറ്റിന് മുമ്പോടിയായുള്ള കൂടിക്കാഴ്ചകളില്‍ നിര്‍മലയുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ അതിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു.

Trending News