ചെന്നൈ : മുഖ്യമന്ത്രിയായി ജയലളിത തുടരുമെന്നും മുഖ്യമന്ത്രി വഹിച്ചിരുന്ന എല്ലാ വകുപ്പുകലും ധനമന്ത്രി ഒ. പന്നീര്‍സെല്‍വത്തിന് നല്‍കിയതായും വ്യക്തമാക്കി തമിഴ്‌നാട് ഗവര്‍ണര്‍ ഉത്തരവിറക്കി. അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ് ഭരണ നിര്‍വ്വഹണത്തില്‍ ഗവര്‍ണ്ണര്‍ ഇടപെട്ടത്.
ജയലളിത കൈകാര്യം ചെയ്തിരുന്ന പൊതുഭരണം, ആഭ്യന്തരം, ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, പൊലീസ്, ജില്ലാ ഭരണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് പനീര്‍സെല്‍വത്തിന് കൈമാറിയത്.
ജയലളിതയുടെ സമ്മതപ്രകാരമാണ് വകുപ്പുകള്‍ പനീര്‍സെല്‍വം ഏറ്റെടുത്തതെന്നാണ് വകുപ്പുകള്‍ ഏറ്റെടുത്തെന്ന് അറിയിച്ച പ്രസ് റിലീസില്‍ വ്യക്തമാക്കുന്നത്. മുമ്പ് ജയലളിത അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയിലില്‍ പോയപ്പോഴും പനീര്‍ശെല്‍വമായിരുന്നു വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്.
ചികില്‍സിയില്‍ തുടരുന്ന ജയലളിതയുടെ അഭാവത്തില്‍ ഭരണം കാര്യക്ഷമമല്ലെന്ന വിമര്‍ശനം നാനാഭാഗത്തു നിന്നും ഉയര്‍ന്നിരുന്നു. കാവേരി പോലുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ താല്‍ക്കാലിക മുഖ്യമന്ത്രിയെ ഉടന്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രവും ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ജയലളിത സുഖം പ്രാപിക്കുന്നതു വരെ വകുപ്പുകള്‍ കൈമാറിയത്. മുഖ്യമന്ത്രിയുടെ ഉപദേശകയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഷീല ബാലകൃഷ്ണനും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായിരുന്ന ഇതുവരെ സംസ്ഥാനത്തെ സംബന്ധിച്ച പല സുപ്രധാന തീരുമാനങ്ങളും എടുത്തിരുന്നത്.
അതേസമയം, മുഖ്യമന്ത്രിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്നാണ് അപ്പോളോ ആശുപത്രി അവസാനമിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ജയലളിത അതിതീവ്ര വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തില്‍ തുടരുകയാണ്. ആരോഗ്യനില അനുസരിച്ച് ശ്വസന സഹായി ക്രമീകരിക്കുന്നുണ്ട്. അണുബാധ നിയന്ത്രിക്കാനുള്ള ചികിത്സകള്‍ പുരോഗമിക്കുകയാണ്.