പുതിയ മന്ത്രിമാരുമായി യെദ്ദ്യൂരപ്പ മന്ത്രിസഭ വിപുലീകരിച്ചു

മുഖ്യമന്ത്രിയായി യെദ്ദ്യൂരപ്പ ചുമതലയേറ്റ് 25 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ വിപുലപ്പെടുത്തുന്നത്.  

Last Updated : Aug 20, 2019, 01:58 PM IST
പുതിയ മന്ത്രിമാരുമായി യെദ്ദ്യൂരപ്പ മന്ത്രിസഭ വിപുലീകരിച്ചു

ബംഗളൂരൂ: കര്‍ണാടകയിലെ യെദ്ദ്യൂരപ്പ മന്ത്രിസഭയുടെ വിപുലീകരണത്തോടനു ബന്ധിച്ച് 17 മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാജ്ഭവനില്‍ നടന്നു. 

15 എംഎല്‍എമാരും ഒരു എംഎല്‍സി അംഗവും കൂടാതെ തിരഞ്ഞെടുക്കപ്പെടാത്ത കോട്ട ശ്രീനിവാസ് പൂജാരിയും പട്ടികയില്‍ ഉള്‍പ്പെടുന്നു. കര്‍ണ്ണാടക ഗവര്‍ണര്‍ വാജുഭായ് വാല സത്യപ്രതിജ്ഞാ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രിയായി യെദ്ദ്യൂരപ്പ ചുമതലയേറ്റ് 25 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ വിപുലപ്പെടുത്തുന്നത്.  മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്‍ അശോക, കെ.എസ്. ഈശ്വരപ്പ, മുന്‍മന്ത്രി ബി ശ്രീരാമലു, സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രന്‍ എച്ച് നാഗേഷ് തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടുന്നു. 

നിയമസഭയുടെ അംഗബലമനുസരിച്ച് 34 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ രാജിവെച്ച 17 എംഎല്‍എമാരുടെ കാര്യത്തില്‍ സുപ്രീംകോടതി കൃത്യമായ നിലപാടെടുത്തിട്ടില്ല. 

സ്പീക്കര്‍ അയോഗ്യരാക്കിയതിനെതിരെ ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇവര്‍ക്കായി പത്ത് മന്ത്രിസ്ഥാനം ഒഴിച്ചിടാനാണ് ബിജെപിയുടെ തീരുമാനം.

ജൂലൈ 26ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്ദ്യൂരപ്പ ജൂലൈ 29ന് നിയമസഭയില്‍ തന്‍റെ സര്‍ക്കാരിന്‍റെ ഭൂരിപക്ഷം തെളിയിച്ചെങ്കിലും ഒരു മന്ത്രിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 

Trending News