ബെംഗളൂരു: രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് കോൺഗ്രസിനെ സഹായിച്ചത് ചിട്ടയായ പ്രവർത്തനവും ഭരണവിരുദ്ധ വികാരവും. സംസ്ഥാനഭരണം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ കച്ചകെട്ടിയിറങ്ങിയിട്ടും അത് കോൺഗ്രസിനെ ബാധിച്ചില്ല. ബിജെപിക്ക് മുമ്പേ പ്രചാരണം ആരംഭിച്ച കോൺഗ്രസ്, അനുകൂല ഘടകങ്ങൾ മുതലാക്കുന്നതിൽ വിജയിക്കുകയും ചെയ്തു. ഭരണവിരുദ്ധ വികാരം കർണാടകയിൽ ശക്തമായിരുന്നു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നയിച്ച ബിജെപി സർക്കാരിന് അഴിമതിക്കൂട്ടമെന്ന ചീത്തപ്പേരുണ്ടായിരുന്നു. ഏത് സർക്കാർ പദ്ധതിയും നടപ്പാക്കാൻ ബിജെപി നേതാക്കൾക്ക് 40 ശതമാനം കമ്മീഷനായി നൽകേണ്ടിവരുന്നുവെന്ന് പരാതിപ്പെട്ടത് സംസ്ഥാനത്തെ കരാറുകാരുടെ സംഘടനയാണ്. 1989 മുതൽ ബിജെപിയുടെ ശക്തിയായി തുടരുന്ന ലിംഗായത്ത് സമുദായത്തിൻ്റെ വോട്ടുബാങ്കിൽ വിളളലുണ്ടാക്കാൻ ഇത്തവണ കോൺഗ്രസിനായി.
ALSO READ: Karnataka Election Result 2023: കാല് മാറി വന്നു, 'കൈ' തുണച്ചില്ല; ഒടുവിൽ കാലിടറി ഷെട്ടാര്‍
ലിംഗായത്തുകാരായ ജഗദീഷ് ഷെട്ടാറിനെയും ലക്ഷ്മൺ സാവദിയെയും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അടർത്തിയെടുത്ത് ഡികെ ശിവകുമാറിൻ്റെ നേതൃത്വത്തിലുളള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സ്വന്തം പാളയത്തിലെത്തിച്ചു. വൊക്കലിംഗ സമുദായക്കാരുടെ വോട്ടുകൾ പതിവുപോലെ കോൺഗ്രസിനും ജെഡിഎസിനുമായി പങ്കിട്ടു. മുസ്ലീം സമുദായത്തിൻ്റെ സംവരണം എടുത്തുമാറ്റുമെന്ന ബിജെപിയുടെ പ്രഖ്യാപനം ന്യൂനപക്ഷങ്ങളിടെ വികാരം ബിജെപിക്ക് എതിരാക്കിയത് കോൺഗ്രസിന് ഗുണമായി.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും കോൺഗ്രസിന്റെ പ്രചാരണം നയിച്ചു. അഴിമതിക്കെതിരെ ശബ്ദിച്ച രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയെന്ന പ്രചാരണം കോൺഗ്രസിന് ഗുണം ചെയ്തു. ഗുജറാത്ത് കോടതിയുടെ നടപടി തങ്ങൾക്കനുകൂലമായി വോട്ടർമാരിലെത്തിക്കാൻ കോൺഗ്രസ് പ്രചാരണത്തിന് സാധിച്ചു.
പ്രധാനമന്ത്രി വന്നാലും അമിത് ഷാ വന്നാലും കർണാടകത്തിൽ ഒന്നും നടക്കില്ലെന്ന മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണത്തിൽ തന്നെ തങ്ങളുടെ തന്ത്രങ്ങൾ വിജയിച്ചുവെന്ന ആത്മവിശ്വാസമുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഏകോപനവും തന്ത്രങ്ങളുടെ തമ്പുരാൻ ഡികെ ശിവകുമാറിൻ്റെ മികവും വിജയിച്ചത് കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ വഴിയൊരുക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...