1929ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ലതാ മങ്കേഷ്കറിന്റെ ജനനം. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറിന്റെയും ഷേവന്ദി മങ്കേഷ്കറിന്റെയും ആറ് മക്കളിൽ മൂത്ത മകളായിരുന്നു ലതാ മങ്കേഷ്കർ. അഭിനയത്തിലൂടെയാണ് ചലച്ചിത്ര ലോകത്തിലേക്കുള്ള പ്രവേശനം. 1942ല്‍ 13മത്തെ വയസില്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തിലൂടെ ചലച്ചിത്ര സംഗീത ലോകത്തേക്കെത്തി.
കിടി ഹസാൽ എന്ന ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ ലത, പാഹിലി മംഗള-ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം.1948-ൽ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമ്മാതാവ് എസ്. മുഖർജി മടക്കി അയക്കുകയാണുണ്ടായത്.
ബോംബെ ടാക്കീസിനുവേണ്ടി നസീർ അജ്‌മീറി സംവിധാനം ചെയ്ത മജ്‌ബൂർ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്. മഹലില്‍ മധുബാലക്ക് വേണ്ടി പാടിയ ആയേഗാ ആനേവാലയാണ് ഹിറ്റ് ചാര്‍ട്ടില്‍ ആദ്യത്തേത്. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചൊഴുകിയ ശബ്ദം നെല്ലിലൂടെ മലയാളത്തിലുമെത്തി. വയലാർ രാമവർമ്മയുടെ ഈ വരികൾക്ക് സലിൽ ചൗധരി ഈണമിട്ട കദളി കൺകദളി ചെങ്കദളി പൂ വേണോ മുഹമ്മദ് റഫിക്കൊപ്പം പാടിയപ്പോള്‍ സംഗീതാസ്വാദകര്‍ക്ക് ലഭിച്ചത് ഭാവസാന്ദ്രമായ ഒരുപിടി മികച്ച ഗാനങ്ങളായിരുന്നു.
നിരവധി ഭാഷകളിലായി 50000ത്തിലധികം പാട്ടുകള്‍ പാടി ഗിന്നസില്‍ ഇടംപിടിച്ച ഗായിക. പദ്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഭാരതരത്നം തുടങ്ങിയ ദേശീയ ബഹുമതികളും, ദാദാ സാഹബ് ഫാല്‍ക്കെ പുരസ്കാരവും തേടിയെത്തി. ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരവും നേടി. 1999 മുതൽ 2005 വരെ രാജ്യസഭാംഗമായിരുന്നു. ഹൃദ്യനാഥ് മങ്കേഷ്കർ, ആശാ ഭോസ്‌ലേ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് സഹോദരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...