സര്‍വത്ര ചോര്‍ച്ച, കാവല്‍ക്കാരന്‍ അത്ര പോരെന്ന് രാഹുല്‍ ഗാന്ധി

ബസ് ഏക് ഓര്‍ സാല്‍ (ഒരു വര്‍ഷം കൂടി മാത്രം) എന്ന ഹാഷ്ടാഗിലാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Last Updated : Mar 29, 2018, 01:45 PM IST
സര്‍വത്ര ചോര്‍ച്ച, കാവല്‍ക്കാരന്‍ അത്ര പോരെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാജ്യത്ത് സര്‍വത്ര ചോര്‍ച്ചയാണെന്നും കാവല്‍ക്കാരന്‍ ദുര്‍ബലനാണെന്നും രാഹുല്‍ പരിഹസിച്ചു. 

"ഡാറ്റാ ചോര്‍ച്ച, ആധാര്‍ വിവര ചോര്‍ച്ച, എസ്. എസ്.സി ചോര്‍ച്ച പരീക്ഷ ചോര്‍ച്ച, തെരഞ്ഞെടുപ്പ് തീയതി ചോര്‍ച്ച, സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച... സര്‍വത്ര ചോര്‍ച്ച, കാവല്‍ക്കാരന്‍ ദുര്‍ബലന്‍," എന്നാണ് രാഹുലിന്‍റെ ട്വീറ്റ്. 

ബസ് ഏക് ഓര്‍ സാല്‍ (ഒരു വര്‍ഷം കൂടി മാത്രം) എന്ന ഹാഷ്ടാഗിലാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് രണ്ട് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. പത്താം ക്ലാസിലെ കണക്ക് പരീക്ഷയും പ്ലസ് ടുവിലെ ഇക്കണോമിക്സ് പേപ്പറും ആണ് പുറത്തായത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. 

 

 

വോട്ടര്‍മാരുടെ വിവരങ്ങള്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ചില സമുദായസംഘടനകള്‍ക്കുമായി ശേഖരിച്ചിരുന്നുവെന്ന കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മുന്‍ജീവനക്കാരന്‍റെ വെളിപ്പെടുത്തലും ഇതോടൊപ്പം പുറത്തു വന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രം ഫെയ്സ്ബുക്കിനോട് വിശദീകരണം തേടിയിരിക്കുകയാണ്. 

ആധാര്‍ വിവര ചോര്‍ച്ച കഴിഞ്ഞ കുറച്ച് മാസങ്ങളായി കേന്ദ്രസര്‍ക്കാരിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഫെയ്സ്ബുക്ക് ഇന്ത്യന്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട് പുറത്ത് വന്നത്. 

Trending News