മധ്യപ്രദേശ് തിരഞ്ഞെടുപ്പ്: നിരവധി ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറില്‍...

കോണ്‍ഗ്രസ് വോട്ടര്‍മാര്‍ ധാരാളമുള്ള മണ്ഡലങ്ങളിലാണ് കൂടുതലായും ഇ.വി.എം മഷീന്‍ തകരാറിലായിരിക്കുന്നതെന്ന് കോണ്‍ഗ്രസ്‌ നേതാവ് കമല്‍നാഥ് ആരോപിച്ചു. 

Last Updated : Nov 28, 2018, 03:25 PM IST
മധ്യപ്രദേശ് തിരഞ്ഞെടുപ്പ്: നിരവധി ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറില്‍...

ഭോപ്പാല്‍: മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. 

സംസ്ഥാനത്തെ 227 മണ്ഡലങ്ങളില്‍ രാവിലെ 8 മണിയ്ക്കും 3 മണ്ഡലങ്ങളില്‍ രാവിലെ 7 മണിയ്ക്കുമാണ് വോട്ടിംഗ് ആരംഭിച്ചത്. ബാലാഘാട്ട് ജില്ലയിലെ 3 മണ്ഡലങ്ങളിലാണ് രാവിലെ 7 മണിയ്ക്ക് വോട്ടിംഗ് ആരംഭിച്ചത്. നക്സല്‍ ബാധിത മണ്ഡലങ്ങളായ പര്‍സ്വാഡ, ബൈഹര്‍, ലോൻജി എന്നിവിടങ്ങളില്‍ രാവിലെ 7 മുതല്‍  വൈകിട്ട് 3 മണിവരെയാകും വോട്ടിംഗ് നടക്കുക. 

പോളിംഗ് ആരംഭിച്ച് ആദ്യ 3 മണിക്കൂറില്‍തന്നെ 21% വോട്ടിംഗ് നടന്നതായാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ വോട്ടിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ വിവിധയിടങ്ങളില്‍ തിരഞ്ഞെടുപ്പ് തടസപ്പെട്ടിരുന്നു. വോട്ടിംഗ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറില്‍തന്നെ 16 വിവിപാറ്റും 4 ഇ.വി.എം മഷീനും തകരാറിലായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അല്‍പസമയത്തിനകം തന്നെ തകരാര്‍ പരിഹരിക്കപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

അലിരാജ്പൂര്‍ മണ്ഡലത്തില്‍ മാത്രം 11 വിവിപാറ്റ് മെഷീനുകള്‍ മാറ്റിവെച്ചു. ബുര്‍ഹാന്‍പൂരില്‍ 5 വിവിപാറ്റ് മെഷീനുകളും 2 ഇ.വി.എമ്മും മാറ്റി സ്ഥാപിച്ചു. ഉജ്ജിയിനിലും 2 ഇ.വി.എമ്മുകള്‍ക്ക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മാറ്റിവയ്ക്കുകയുണ്ടായി. 

കോണ്‍ഗ്രസ് വോട്ടര്‍മാര്‍ ധാരാളമുള്ള മണ്ഡലങ്ങളിലാണ് കൂടുതലായും ഇ.വി.എം മഷീന്‍ തകരാറിലായിരിക്കുന്നതെന്ന് കോണ്‍ഗ്രസ്‌ നേതാവ് കമല്‍നാഥ് ആരോപിച്ചു. 

മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 2,899 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 65000 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി എണ്‍പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 5,04,95,251 വോട്ടര്‍മാരാണ് ഉള്ളത്. 

പ്രചാരണ തുടക്കത്തില്‍ സംസ്ഥാനത്ത് ബിജെപിക്ക് മുന്‍തൂക്കം ഉണ്ടായിരുന്നുവെങ്കിലും വിമത ശല്യവും ഭരണവിരുദ്ധ വികാരവും പാര്‍ട്ടിയെ അലട്ടിയിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടം നടക്കുന്നതിനാല്‍ ഇരു പാര്‍ട്ടികള്‍ക്കും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

 

Trending News