മഹാരാഷ്ട്ര: 3 എന്‍സിപി, 1 കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക്!!

മഹാരാഷ്ട്രയില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍നിന്നും എന്‍സിപിയില്‍നിന്നുമുള്ള കൊഴിഞ്ഞുപോക്ക് ശക്തമായി. 

Updated: Jul 30, 2019, 12:20 PM IST
മഹാരാഷ്ട്ര: 3 എന്‍സിപി, 1 കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക്!!

മുംബൈ: മഹാരാഷ്ട്രയില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍നിന്നും എന്‍സിപിയില്‍നിന്നുമുള്ള കൊഴിഞ്ഞുപോക്ക് ശക്തമായി. 

ഇരു പാര്‍ട്ടിയിലെയും ചില മുതിര്‍ന്ന നേതാക്കള്‍ ബുധനാഴ്ച ബിജെപിയില്‍ ചേരുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

3 എന്‍സിപി, 1 കോണ്‍ഗ്രസ്‌ എംഎല്‍എമാരാണ് ബുധനാഴ്ച ബിജെപിയുടെ പതാകയ്ക്ക് കീഴില്‍ അണിനിരക്കുക.  

എൻസിപി എംഎല്‍എമാരായ ശിവേന്ദ്ര സിംഗ് രാജെ ഭോസാലെ, വൈഭവ് പിച്ചത്, സന്ദീപ് നായിക്, കോൺഗ്രസ് എംഎല്‍എയായ കാളിദാസ് കൊള൦ബ്കർ എന്നിവരാണ് ബുധനാഴ്ച ബിജെപിയിൽ ചേരുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. മുംബൈയിലെ ഗാർവെയർ ക്ലബ് ഹൗസിൽ വച്ചായിരിക്കും ഇവര്‍ ഒദ്യോഗികമായി ബിജെപിയില്‍ ചേരുക. 
 
കൂടാതെ, കോണ്‍ഗ്രസിലേയും എന്‍സിപിയിലേയും നിരവധി മുതിര്‍ന്ന നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന  സൂചനകള്‍ പുറത്തു വരുന്നുണ്ട്. 

കോണ്‍ഗ്രസിലേയും എന്‍സിപിയിലേയും 50ഓളം എംഎല്‍എമാര്‍ ബിജെപിയുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്നും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് അവര്‍ ബിജെപിയില്‍ എത്തുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രിയുമായ ഗിരീഷ് മഹാജന്‍ വെളിപ്പെടുത്തിയിരുന്നു. 

അതേസമയം, കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍നിന്നും നേതാക്കളുടെ വന്‍ തോതിലുള്ള കൊഴിഞ്ഞുപോക്കാണ് നടക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ്‌ വിട്ട് ശിവ സേനയില്‍ ചേര്‍ന്നത്‌. എന്‍സിപി മുംബൈ അദ്ധ്യക്ഷനും മുന്‍ മന്ത്രിയുമായ സച്ചിന്‍ അഹിര്‍ പാര്‍ട്ടി വിട്ട് ശിവസേനയില്‍ ചേര്‍ന്നത് അടുത്തിടെയാണ്. 

കൂടാതെ, എന്‍സിപിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷ ചിത്ര വാഗ് പാര്‍ട്ടി ഉപേക്ഷിച്ചു. അവര്‍ മാസങ്ങള്‍ക്ക് മുന്‍പുതന്നെ ബിജെപിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്‍സിപിയില്‍ ഇനി ഭാവിയില്ലെന്ന കാരണം പറഞ്ഞാണ് ചിത്ര വാഗ് ബിജെപിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. 

ഇരു പാര്‍ട്ടികളിലുമുള്ള സഖ്യത്തെ എതിര്‍ക്കുന്ന നേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാനുള്ള നെട്ടോട്ടത്തിലാണ് എന്നത് വാസ്തവം. 

എന്നാല്‍, ബിജെപിയിലേയ്ക്കെത്തുന്ന എല്ലാവരെയും, അതായത് അന്വേഷണ ഏജന്‍സികള്‍ പിന്നാലെ നടക്കുന്ന ഒരു നേതാവിനേയും സ്വീകരിക്കില്ലെന്ന സൂചനയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് നല്‍കി. ബിജെപി ആരെയും ക്ഷണിക്കുന്നില്ല, മറ്റു പാര്‍ട്ടിയിലെ നേതാക്കള്‍ സ്വയം ബിജെപിയില്‍ എത്തിച്ചേരുകയാണ്, അദ്ദേഹം തുടര്‍ന്നു.
 
2014ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 122 സീറ്റാണ് ലഭിച്ചത്. ശിവസേനയ്ക്ക് 63 സീറ്റും ലഭിച്ചു. കോണ്‍ഗ്രസിന് 42 സീറ്റും എന്‍സിപിയ്ക്ക് 41 സീറ്റുംകൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നിരുന്നു. മഹാരാഷ്ട്രയില്‍ ആകെ 288 സീറ്റാണ് ഉള്ളത്.