മരിച്ച മകള്‍ക്കായി കുഴിയെടുത്തു; കിട്ടിയത് ജീവനുള്ള കുഞ്ഞ്!

മരിച്ച കുഞ്ഞിനെ അടക്കാനായി കുഴിയെടുത്ത ഹിതേഷ് പെട്ടെന്നാണ് കുഴിയില്‍ ഒരു മണ്‍പാത്രം ശ്രദ്ധിക്കുന്നത്. ഇതു പുറത്തെടുത്തു നോക്കിയ ഹിതേഷ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.  

Last Updated : Oct 14, 2019, 02:30 PM IST
മരിച്ച മകള്‍ക്കായി കുഴിയെടുത്തു; കിട്ടിയത് ജീവനുള്ള കുഞ്ഞ്!

ലഖ്നൗ: മരിച്ചുപോയ തന്‍റെ കുഞ്ഞിനെ മറവ് ചെയ്യാനായി കുഴിയെടുത്ത ഒരച്ഛന്‍ കണ്ടത് ഞെട്ടിക്കുന്ന സംഭവം.

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചപ്പോള്‍ അതിനെ മറവ് ചെയ്യാന്‍ വേണ്ടി കുഴിയെടുത്ത ദമ്പതികള്‍ക്ക് കാണാന്‍ കഴിഞ്ഞത് ഒരു ജീവനുള്ള പെണ്‍കുഞ്ഞിനെ.

കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും സംഭവം സത്യമാണ്. ഹിതേഷ് കുമാര്‍ സിരോഹി-വൈശാലി ദമ്പതികള്‍ക്കാണ് ഈ അനുഭവമുണ്ടായത്.

വ്യപാരിയായ ഹിതേഷിന്‍റെ ഭാര്യയും ബറേലി സബ് ഇന്‍സ്പെക്ടറുമായ വൈശാലിയെ പെട്ടെന്നുണ്ടായ പ്രസവവേദനയെ തുടര്‍ന്ന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ രക്ഷിക്കാനായില്ല. വൈശാലിയ്ക്ക് ഏഴുമാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. 

മരിച്ച കുഞ്ഞിനെ അടക്കാനായി കുഴിയെടുത്ത ഹിതേഷ് പെട്ടെന്നാണ് കുഴിയില്‍ ഒരു മണ്‍പാത്രം ശ്രദ്ധിക്കുന്നത്. ഇതു പുറത്തെടുത്തു നോക്കിയ ഹിതേഷ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.

ആ മണ്‍പാത്രത്തില്‍ ഹിതേഷ് കണ്ടത് ജീവന്‍തുടിക്കുന്ന ഒരു പെണ്‍കുഞ്ഞിനെയായിരുന്നു. മണ്‍പാത്രത്തിനുള്ളില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന കുഞ്ഞിനെ ഉടനെതന്നെ ഹിതേഷ് ആശുപത്രിയില്‍ എത്തിച്ചു. 

കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പക്ഷെ ഈ കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടത് ആരാണെന്ന അന്വേഷണത്തിലാണ് പൊലീസ്. 

മാത്രമല്ല കുഞ്ഞിന്‍റെ രക്ഷകര്‍ത്താക്കള്‍ക്ക് വേണ്ടിയും പൊലീസ് തിരയുന്നുണ്ട്.

Trending News