മനേകാ ഗാന്ധി കലിപ്പിലാണ്‌!!

വിവാദ പരാമര്‍ശവുമായി വീണ്ടും മനേക ഗാന്ധി രംഗത്ത്!!

Last Updated : Apr 15, 2019, 05:22 PM IST
മനേകാ ഗാന്ധി കലിപ്പിലാണ്‌!!

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശവുമായി വീണ്ടും മനേക ഗാന്ധി രംഗത്ത്!!

തന്‍റെ മണ്ഡലത്തില്‍ ബിജെപിക്ക് വോട്ട് കിട്ടുന്നതിനനുസരിച്ച്‌ ഗ്രാമങ്ങളെ തരം തിരിക്കും, വികസനവും ജോലിയും ലഭിക്കുന്ന വോട്ടിനനുസരിച്ചെന്നാണ് മനേക ഗാന്ധിയുടെ പുതിയ പരാമര്‍ശം. മനേകാ ഗാന്ധി

തനിക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണമനുസരിച്ച്‌ ഗ്രാമങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ തരംതിരിച്ചാകും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് മേനകാ ഗാന്ധി പറഞ്ഞു. സുല്‍ത്താന്‍പൂരിലെ പ്രചാരണ റാലിക്കിടെയായിരുന്നു മേനകയുടെ ഈ മുന്നറിയിപ്പ്.

ബിജെപിക്ക് 80% വോട്ട് കിട്ടുന്ന ഗ്രാമങ്ങളെ 'എ' കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. 60% പേര്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ 'ബി' കാറ്റഗറിയില്‍. 50% വോട്ട് ലഭിക്കുന്ന ഗ്രാമങ്ങളെ 'സി' യിലും 30% അതിന് താഴെയുമുള്ള ഗ്രാമത്തെ 'ഡി' എന്നും തരം തിരിച്ചാകും വികസനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും മുന്‍ഗണന നല്‍കുക. താന്‍ മുന്‍പ് മത്സരിച്ച പീലിഭിത്തില്‍ ഇത്തരമൊരു സംവിധാനം മികച്ച രീതിയില്‍ നടത്തിയിരുന്നെന്നും മനേകാ ഗാന്ധി വ്യക്തമാക്കി. 

മുന്‍പ്, മുസ്ലീങ്ങള്‍ക്ക് നേരെ മനേക ഗാന്ധിയുടെ ഭീഷണി വന്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. തനിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് ജനപ്രതിനിധി എന്ന നിലയില്‍ തന്‍റെ സഹായം ലഭിക്കില്ലെന്നായിരുന്നു അവര്‍ പ്രസ്താവിച്ചത്. 

സുല്‍ത്താന്‍പൂരിലെ തുറാക്ബാനി മേഖലയിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് മനേക ഗാന്ധി മുസ്ലീങ്ങളെ കടന്നാക്രമിച്ചത്. 

നിരവധി മുസ്ലിം മത വിശ്വാസികളും പ്രസംഗം കേള്‍ക്കാനെത്തിയിരുന്നു. "നിങ്ങളുടെ വോട്ട് ഇല്ലാതെതന്നെ ഞാന്‍ ജയിക്കും, എന്‍റെ ആവശ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ വോട്ട് തരിക. പിന്നീട് എന്തെങ്കിലും ആവശ്യത്തിന് മുസ്ലീങ്ങള്‍ എന്നെ കാണാന്‍ വന്നാല്‍ എനിക്കൊന്ന് ആലോചിക്കേണ്ടി വരും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ല", അവര്‍ പറഞ്ഞു. 

ഇത്തവണ മനേക ഗാന്ധിയുടേയും മകന്‍ വരുണ്‍ ഗാന്ധിയുടെയും മണ്ഡലങ്ങള്‍ തമ്മില്‍ വച്ചു മാറിയിരിയ്ക്കുകയാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ മനേക ഗാന്ധി പിലിഭിത്തിലും വരുണ്‍ ഗാന്ധി  സുല്‍ത്താന്‍പൂരിലുമായിരുന്നു മത്സരിച്ചത്. എന്നാല്‍ ഇത്തവണ തിരിച്ചാണ് മത്സരം. 

 

Trending News