ന്യൂഡല്‍ഹി: തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള കൂറ് ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വിജയിക്കും എന്നാണ് കങ്കണ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രിയാകാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് നരേന്ദ്ര മോദി. ശരിയായ ഭരണം കാഴ്ചവെയ്ക്കാന്‍ അഞ്ച് വര്‍ഷം കൊണ്ട് സാധിക്കില്ല. അതിനാല്‍ അടുത്ത അഞ്ച് വര്‍ഷവും അദ്ദേഹം ഭരിക്കും. മാതാപിതാക്കള്‍ കാരണമല്ല മോദി ഈ പദവിയില്‍ എത്തിയത്. അദ്ദേഹത്തിന്റെ കഠിന പ്രയത്നം കൊണ്ടാണെന്നും കങ്കണ പറഞ്ഞു. ഒരു ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു കങ്കണയുടെ പ്രതികരണം.
കങ്കണ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതായി ഇതിനു മുന്‍പ് തന്നെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ താന്‍ ചെറുപ്പമാണ് എന്നതായിരുന്ന കങ്കണയുടെ മറുപടി.