പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം: പ്രതിപക്ഷത്തിന്‍റെ സഹകരണം അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി

ബുധനാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം സുഗമമായി നടത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. ഇന്ന് നടന്ന സര്‍വ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇപ്രകാരം ആവശ്യപ്പെട്ടത്.

Last Updated : Jul 17, 2018, 05:04 PM IST
പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം: പ്രതിപക്ഷത്തിന്‍റെ സഹകരണം അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബുധനാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം സുഗമമായി നടത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. ഇന്ന് നടന്ന സര്‍വ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇപ്രകാരം ആവശ്യപ്പെട്ടത്.

അതേസമയം, തങ്ങളുടെ മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ എം.പിമാരോട് നിര്‍ദ്ദേശിച്ച മോദി,​ ജനങ്ങള്‍ അതാണ് സമ്മേളനത്തില്‍നിന്നും പ്രതീക്ഷിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

സര്‍വ്വകക്ഷി യോഗം വളരെ ഫലപ്രദമായിരുന്നു എന്നും വര്‍ഷകാല സമ്മേളനത്തിന്‍റെ സുഗമമായ പ്രവർത്തനത്തിന് എല്ലാ പാർട്ടികളും പിന്തുണ വാഗ്ദാനം ചെയ്തതായും കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സമ്മേളനത്തില്‍ വിവിധ പാര്‍ട്ടികള്‍ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ വിഷയങ്ങള്‍ സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനും മോദി സര്‍ക്കാര്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തയ്യാറാണെന്നുമായിരുന്നു പ്രധാനമന്ത്രി നല്‍കിയ മറുപടി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പട്ടികജാതി - വര്‍ഗക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സംവരണം അനുവദിക്കാത്ത വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചതായി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം,​ ഉന്നത വിദ്യാഭ്യാസത്തിന് സംവരണം അനുവദിക്കാമെന്ന് പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കാതെ സമ്മേളനം സുഗമമായി നടക്കാന്‍ അനുവദിക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് പറഞ്ഞു.

ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്,  പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി വിജയ് ഗോയൽ, കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമ്മ, ഗുലാം നബി ആസാദ്, എൻസിപി നേതാവ് ശരദ് പവാർ, സിപിഐ നേതാവ് ഡി രാജ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ജൂലൈ 18നാണ് ആരംഭിച്ച് ഓഗസ്റ്റ്‌ 10ന് അവസാനിക്കും. വര്‍ഷകാല സമ്മേളനത്തില്‍ മുത്തലാഖ് ബില്ലാണ് മുഖ്യമായത്. 

 

Trending News