‘സ്യൂഡോമോഗ്രസ് സുധി’, പുതുതായി കണ്ടെത്തിയ ചിലന്തിക്ക് മലയാളിയുടെ പേര്

35 ഇനം പുതിയ ചിലന്തികളെ ഡോ. സുധികുമാറിന്റെ നേതൃത്വത്തില്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്

Last Updated : Jun 25, 2022, 07:24 PM IST
  • 4 മില്ലി മീറ്റർ മാത്രമാണ് ചാട്ട ചിലന്തി കുടുംബത്തിൽ വരുന്ന ഈ ചിലന്തിയുടെ നീളം
  • മരുഭൂമിയിലെ ഉണങ്ങിയ പുൽനാമ്പുകൾക്കിടയിലായിട്ടാണ് ഇവ കാണപ്പെടുന്നത്
  • ഇവയുടെ കണ്ണുകള്‍ക്കുചുറ്റും കറുത്ത നിറമാണ്‌
‘സ്യൂഡോമോഗ്രസ് സുധി’, പുതുതായി കണ്ടെത്തിയ ചിലന്തിക്ക് മലയാളിയുടെ പേര്

രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് മലയാളി ഗവേഷകന്റെ പേര് നൽകിയതായി റിപ്പോർട്ട്. ‘സ്യൂഡോമോഗ്രസ് സുധി എന്നാണ് പുതുതായി കണ്ടെത്തിയ ചിലന്തിക്ക് പേര് നൽകിയിരിക്കുന്നത്. ചിലന്തി ഗവേഷകനും ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ. എ വി സുധികുമാറിന്റെ പേരാണ് ചിലന്തിക്ക്  നൽകിയത്. ഡോ സുധികുമാര്‍ ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലയ്‌ക്ക്‌ നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ്‌ നടപടി.

35 ഇനം പുതിയ ചിലന്തികളെ ഡോ. സുധികുമാറിന്റെ നേതൃത്വത്തില്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചിലന്തി വൈവിധ്യ ഗവേഷണ പദ്ധതികളുടെ മുഖ്യ ഗവേഷകനായ ഡോ. സുധികുമാറിന്‍റെ നേതൃത്വത്തിൽ  ജൈവ വൈവിധ്യ ഗവേഷണ കേന്ദ്രത്തിൽ 15 വിദ്യാർത്ഥികളാണ് കേരളത്തിലെ ചിലന്തികളുടെയും, തേരട്ടകളുടെയും, ഉറുമ്പുകളുടെയും വൈവിധ്യത്തെക്കുറിച്ച്  ഗവേഷണം നടത്തുന്നത്. 

ബ്രിട്ടനിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയോട് അനുബന്ധിച്ചുള്ള മാഞ്ചസ്റ്റർ മ്യൂസിയത്തിലെ ചിലന്തി ഗവേഷകനായ ഡോ. ദിമിത്രി ലുഗനോവിന്‍റെ  നേതൃത്വത്തിൽ ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകരായ ഋഷികേശ്ബാലകൃഷ്ണത്രിപാഠിയും ആശിഷ്കുമാർജൻഗിദും ചേർന്ന് നടത്തിയ പഠനത്തിലാണ്  പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയിരിക്കുന്നത്.  4 മില്ലി മീറ്റർ മാത്രമാണ് ചാട്ട ചിലന്തി കുടുംബത്തിൽ വരുന്ന ഈ ചിലന്തിയുടെ നീളം. മരുഭൂമിയിലെ ഉണങ്ങിയ പുൽനാമ്പുകൾക്കിടയിലായിട്ടാണ് ഇവ കാണപ്പെടുന്നത്.

ഇവയുടെ കണ്ണുകള്‍ക്കുചുറ്റും കറുത്ത നിറമാണ്‌. ഇളംമഞ്ഞ നിറത്തിലുള്ള ഉദരത്തിന്റെ മധ്യത്തിലായി നീളത്തില്‍ ഇരുണ്ട വരയുമുണ്ട്‌. പെണ്‍ചിലന്തിയുടെ മഞ്ഞ നിറത്തിലുള്ള തലയില്‍ കറുത്ത കണ്ണുകള്‍ കാണാവുന്നതാണ്. ഇളംമഞ്ഞ നിറത്തിലുള്ള ഉദരത്തില്‍ വെളുത്ത കുത്തുകളും കാണാം. 35 ഇനം ചിലന്തികളുള്ള ഈ ജെനുസിനെ ഇതാദ്യമായാണ്‌ ഇന്ത്യയില്‍ കണ്ടെത്തുന്നത്.  ബ്രിട്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അരക്‌നോളജി എന്ന രാജ്യാന്തര ശാസ്‌ത്രമാസികയുടെ അവസാന ലക്കത്തില്‍ ഈ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News