വനിതാ ഹോസ്റ്റലുകളുടെ കാവലിന് ട്രാന്‍സ്‌ജെന്‍ഡര്‍മാരെ നിയമിക്കാന്‍ നിതീഷ് സര്‍ക്കാര്‍

പരിപാടിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ വെല്‍ഫേര്‍ ബോര്‍ഡ് അംഗം രേഷ്മ പ്രസാദും ഈ ആശയം മുഖ്യമന്ത്രിക്ക് മുന്‍പാകെ അവതരിപ്പിച്ചിരുന്നു. 

Last Updated : Jul 18, 2018, 06:58 PM IST
വനിതാ ഹോസ്റ്റലുകളുടെ കാവലിന് ട്രാന്‍സ്‌ജെന്‍ഡര്‍മാരെ നിയമിക്കാന്‍ നിതീഷ് സര്‍ക്കാര്‍

പറ്റ്ന: ബീഹാറില്‍ സ്ത്രീകള്‍ക്കെതിരായ അക്രമം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വനിതാ ഹോസ്റ്റലുകളുടെ കാവലിന് ട്രാന്‍സ്‌ജെന്‍ഡര്‍മാരെ നിയോഗിക്കാന്‍ തയ്യാറെടുത്ത് നിതീഷ് കുമാര്‍ സര്‍ക്കാര്‍. ഇതിന്‍റെ സാദ്ധ്യത പരിശോധിക്കാന്‍ അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. 

തിങ്കളാഴ്ച നടന്ന ജനസംവാദം പരിപാടിയിലാണ് നിതീഷ് കുമാര്‍ ഇക്കാര്യം സൂചിപ്പിച്ചത്. സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിക്കുകയായിരുന്നു നിതീഷ്.

പരിപാടിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ വെല്‍ഫേര്‍ ബോര്‍ഡ് അംഗം രേഷ്മ പ്രസാദും ഈ ആശയം മുഖ്യമന്ത്രിക്ക് മുന്‍പാകെ അവതരിപ്പിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് തൊഴിലെടുക്കാന്‍ കഴിയുന്നില്ലെന്നും രണ്ട് ശതമാനം സംവരണം ഈ വിഭാഗത്തിന് നല്‍കണമെന്നും രേഷ്മ ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുളള ഇത്തരം നടപടികള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും രേഷ്മ സൂചിപ്പിച്ചു. തൊഴില്‍ ഏതായാലും സന്തോഷത്തോടെ സ്വീകരിക്കും. തങ്ങളുടെ കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരമായി ഇതിനെ കാണുമെന്നും രേഷ്മ കൂട്ടിച്ചേര്‍ത്തു.

സ്ത്രീ സുരക്ഷയൊരുക്കുന്നതില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാരിന്‍റെ വീഴ്ച വിമര്‍ശന വിധേയമായിരിക്കേയാണ് ഹോസ്റ്റലുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരെ കാവല്‍ നിര്‍ത്തുന്ന കാര്യം നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരിഗണിക്കുന്നത്.

Trending News