ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു ഇന്നുച്ചക്ക് സത്യപ്രതിജ്ഞ ചെയ്തു . 44 എം.എൽ.എമാർ പെമ ഖണ്ഡുവിന് പിന്തുണ പ്രഖ്യാപിച്ച് ഗവർണറെ സന്ദർശിച്ചതോടെയാണ് കോൺഗ്രസിന് ഭരണം നിലനിർത്താൻ അവസരമൊരുങ്ങിയത്. ഇതോടെ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകില്ല.
അരുണാചല്‍ മുന്‍ മുഖ്യമന്ത്രി ഡോര്‍ജി ഖണ്ഡുവിന്റെ മകനാണ് മുപ്പത്തേഴുകാരനായ പെമ ഖണ്ഡു. വിമത എംഎല്‍എമാര്‍ തിരികെയെത്താന്‍ കാരണമായ പെമ ഖണ്ഡുവിന്റെ നേതൃത്വം സുഗമമായ ഭരണത്തിനും സഹായകമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത് . ഇനി അഭിപ്രായവ്യത്യാസങ്ങളില്ലെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരണം നടത്തുമെന്നും പെമ ഖണ്ഡു പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൂര്‍ണസ്വാധീനം നേടാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടി എങ്ങെനെ മറികടക്കണമെന്ന് ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം നേതൃമാറ്റം വൈകിയതുമൂലം അരുണാചലില്‍ ഉണ്ടായ പ്രതിസന്ധി ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.
ബുധനാഴ്ചയാണ് സുപ്രീം കോടതി ചരിത്രപരമായ വിധിയിലൂടെ അരുണാചല്‍ പ്രദേശിലെ നബാം തുക്കി സര്‍ക്കാരിനെ പുനരവരോധിച്ചത്. അന്നുതന്നെ ഡൽഹിയിലെ അരുണാചല്‍ ഹൗസില്‍വെച്ച് നബാം തുക്കി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നബാം തുക്കി സര്‍ക്കാരിനെ പുറത്താക്കുകയായിരുന്നു.