വാരണാസിയില്‍ മോദിയുടെ റോഡ്‌ ഷോ ഇന്ന്; പത്രിക നാളെ സമര്‍പ്പിക്കും

ക്ഷേത്ര നഗരമായ കാശിയുടെ വിശ്വാസം തൊട്ടാണ് 2014ല്‍ നരേന്ദ്രമോദി വാരണാസിയിൽ വോട്ട് തേടാൻ എത്തിയത്.  

Last Updated : Apr 25, 2019, 07:40 AM IST
വാരണാസിയില്‍ മോദിയുടെ റോഡ്‌ ഷോ ഇന്ന്; പത്രിക നാളെ സമര്‍പ്പിക്കും

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ റോഡ്‌ ഷോയും ഗംഗാ ആരദിയും ഇന്ന് നടക്കും.  നാളെയാണ് അദ്ദേഹം നാമനിര്‍ദ്ദേശപത്രിക നല്‍കുന്നത്.

മോദി തരംഗം സുനാമിയായി മാറും എന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ വാരണാസിയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. നാമനിര്‍ദ്ദേശ പത്രിക നാളെ 11.30 ഓടെ കൊടുക്കുമെന്നാണ്സൂചന.  എന്‍.ഡി.എ.യുടെ പ്രമുഖ നേതാക്കള്‍, ജെഡിയു പ്രസിഡന്‍റ് നിതീഷ്കുമാര്‍. ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ പ്രധാനമന്ത്രിക്ക് ഒപ്പം ഉണ്ടാകും.

പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി കാലഭൈരവ ക്ഷേത്രത്തിലും ദര്‍ശനം നടത്തും.  ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ബനാറസ്‌ ഹിന്ദു യുണിവേഴ്സിറ്റി സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ സ്മാരകത്തിന് മുന്നില്‍ നിന്നാണ് റോഡ്‌ഷോ ആരംഭിക്കുന്നത്. 

വൈകിട്ട് ഏഴ് മണിയോടെ ദശാശ്വമേഥ് ഘട്ടില്‍ റോഡ്‌ ഷോ സമാപിക്കും.ഏഴുകിലോമീറ്ററിനിടെ 150 കേന്ദ്രങ്ങളില്‍ മോദിക്ക് സ്വീകരണം നല്‍കും. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ മദന്‍പുര, സോനാര്‍പുര എന്നിവിടങ്ങളിലുംസ്വീകരണമുണ്ടെന്ന്‍ നേതാക്കള്‍ പറഞ്ഞു.

ഇതിന് ശേഷം നടക്കുന്ന ഗംഗാ ആരതിയിലും സായാഹ്ന പ്രാര്‍ത്ഥനകളിലും പ്രധാനമന്ത്രി പങ്കെടുക്കും. കടുത്ത മത്സരം നടക്കുന്ന യുപിയിൽ വാരാണസിയിലെ റോഡ് ഷോ യിലൂടെ പ്രവർത്തകരിൽ ആവേശം നിറയ്ക്കാനാണ് മോദിയുടെ ശ്രമം.

ക്ഷേത്ര നഗരമായ കാശിയുടെ വിശ്വാസം തൊട്ടാണ് 2014ല്‍ നരേന്ദ്രമോദി വാരണാസിയിൽ വോട്ട് തേടാൻ എത്തിയത്. മലിനമായ ഗംഗയെ ശുദ്ധികരിക്കും, കാശി കോറിഡോർ അങ്ങനെ വാഗ്ദാനങ്ങൾ ഏറെ. 

മൂന്ന് ലക്ഷത്തിൽ അധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വാരണാസിയിൽ നിന്ന് വിജയിച്ച മോദി വീണ്ടും ജനവിധി തേടി വരാണസിയിലെത്തുമ്പോൾ മോദി തരംഗം പ്രവർത്തിക്കുമെന്നാണ്‌ ബിജെപി യുടെ അവകാശവാദം. 

ഗംഗാ ആരതിക്ക് ശേഷം രാത്രി ഒന്‍പത് മണിയോടെ ബിജെപിയിലെ പ്രമുഖ നേതാക്കള്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്. മെയ് 19 ന് ആണ് വാരണാസിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Trending News