"പിഎം നരേന്ദ്രമോദി" മെയ്‌ 24ന് തിയേറ്ററുകളില്‍!!

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന സി​നി​മ "പി​എം ന​രേ​ന്ദ്ര മോ​ദി" ഒടുക്കം തിയേറ്ററുകളിലേയ്ക്ക്!! 

Last Updated : May 3, 2019, 11:47 AM IST
"പിഎം നരേന്ദ്രമോദി" മെയ്‌ 24ന് തിയേറ്ററുകളില്‍!!

മുംബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന സി​നി​മ "പി​എം ന​രേ​ന്ദ്ര മോ​ദി" ഒടുക്കം തിയേറ്ററുകളിലേയ്ക്ക്!! 

തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും കൈവിട്ടതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയായശേഷം ചിത്രം റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. അതിനാല്‍, വോട്ടെണ്ണല്‍ നടക്കുന്ന മെയ്‌ 23നും ശേഷമാണ് ചിത്രം റിലീസ് ചെയ്യുക... 

അതായത്, ബിഗ്‌ സ്ക്രീനില്‍ പ്രധാനമന്ത്രി മോദിയെ കാണുവാനുള്ള ഭാഗ്യം മെയ്‌ 24ന് പ്രേക്ഷകര്‍ക്ക് ലഭിക്കും. എല്ലാ വാതിലുകളും അടഞ്ഞതോടെ, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയായശേഷം ചിത്രം റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ സ്വയം തീരുമാനിച്ചതിനാലാണ് ചിത്രം 24ന് റിലീസ് ചെയ്യുന്നത്!! 

ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവതരിപ്പിക്കുന്നത്‌ വിവേക് ഒ​ബ്റോ​യി​യാ​ണ്. ഈ ചിത്രത്തിലുടനീളം 9 വ്യത്യസ്ത രൂപഭാവങ്ങളിലാണ്‌ ഒ​ബ്റോ​യി പ്രത്യക്ഷപ്പെടുന്നത്. വിവേക് ഒ​ബ്റോ​യി​യുടെ ആദ്യത്തെ ബയോപിക് കഥാപാത്രവും ഇതാണ്. 

ചിത്രത്തിന്‍റെ റിലീസിന് തുടക്കത്തിലേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ, സുപ്രീംകോടതിയെ നിര്‍മ്മാതാക്കള്‍ ശരണം പ്രാപിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷനോട്‌ ചിത്രം കണ്ട് വിലയിരുത്തി തീരുമാനമെടുക്കാനായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായുള്ള ബെഞ്ചിന്‍റെ നിര്‍ദ്ദേശം. അതനുസരിച്ച് ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിരുന്നു. 
എന്നാല്‍, സിനിമയുടെ പ്രദർശനം തിരഞ്ഞെടുപ്പ് കഴിയും വരെ തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് നടപടിയെന്നും അറിയിച്ചു. 

ഒ​മം​ഗ് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് യു ​സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ന​ല്‍​കി​യ​ത്. മേരികോം, സരബ്ജിത്ത് എന്നീ സിനിമകള്‍ ഒമംഗ് സംവിധാനം ചെയ്തവയാണ്. ‘എന്‍റെ രാജ്യത്തോടുള്ള സനേഹമാണ് എന്‍റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. ചിത്രത്തിന്‍റെ വലിയൊരു ഭാഗവും ഗുജറാത്തിലാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിനായി മൂന്ന് വര്‍ഷമായി ജോലിയിലായിരുന്നെന്ന് സംവിധായകന്‍ ഒമംഗ് കുമാര്‍ പറയുന്നു. 

നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 23 ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസായിരുന്നു പുറത്തിറക്കിയത്. 23 ഭാഷകളില്‍ പുറത്തിറക്കിയ പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. 

ലെജന്‍റ് ഗ്ലോബല്‍ സ്റ്റുഡിയോക്ക് വേണ്ടി സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Trending News